സിനിമ തിയേറ്ററില്‍ അര്‍ദ്ധനഗ്‌നനായി മോഷണം നടത്തുന്ന യുവാവിനെ പൊക്കി പോലീസ്, പിടിയിലായത് മറ്റൊരു മോഷണത്തിനിടെ

വയനാട് സ്വദേശി വിപിന്‍ (34) ആണ് പിടിയിലായത്.

തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററില്‍ കയറി സിനിമ കാണാന്‍ എത്തുന്നവരുടെ പഴ്സ് മോഷ്ടിക്കുന്ന യുവാവ് പിടിയില്‍. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് തിയറ്ററിനുള്ളില്‍ മോഷണം നടത്തുന്നതിനിടയിലാണ് യുവാവ് പോലീസിന്റെ വലയിലായത്. വയനാട് സ്വദേശി വിപിന്‍ (34) ആണ് പിടിയിലായത്.

കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയറ്ററില്‍ ആറ്റിങ്ങലിലെ സമാന രീതിയില്‍ മോഷണം നടത്താന്‍ ശ്രമിക്കവെയാണ് ഇയാളെ തിയറ്റര്‍ ജീവനക്കാര്‍ കയ്യോടെ പിടികൂടുന്നത്. ഇയാള്‍ തിയേറ്ററില്‍ എത്തുകയും പിന്നീട് അര്‍ദ്ധനഗ്നനായി സിനിമ കാണാന്‍ എത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുകയുമായിരുന്നു. എന്നാല്‍ സിനിമയില്‍ ലയിച്ചിരിക്കുന്നവര്‍ മോഷണവിവരം അറിയില്ല. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും.

ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ കഴിഞ്ഞദിവസം സിനിമ കാണാനെത്തിയവരുടെ പഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. മോഷ്ടാവിനായി പോലീസ് അന്വേഷണം നടത്തുമ്പോഴാണ് ഇന്നലെ 25 കിലോമീറ്റര്‍ ഇപ്പുറം കഴക്കൂട്ടത്ത് പ്രതി യാതൊരു കൂസലും ഇല്ലാതെ മോഷണത്തിന് എത്തിയത്.

ടിക്കറ്റ് എടുത്ത് അകത്ത് കടന്ന പ്രതി പതിവ് പോലെ മോഷണം നടത്താന്‍ ശ്രമിക്കവേ പിടിയിലകുകയായിരുന്നു. പിടിയിലായ വിപിനെതിരെ തമ്പാനൂ പോലീസ് സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം. ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

Exit mobile version