ആള്‍മറയില്‍ വിശ്രമിക്കുന്നതിനിടെ 25 അടി താഴ്ചയുള്ള കിണറില്‍ വീണു; 10 മണിക്കൂര്‍ ഹോസില്‍ പിടിച്ചുനിന്ന് യുവാവ്, ഒടുവില്‍ കരയ്‌ക്കെത്തിച്ച് അഗ്‌നിരക്ഷാസേന

ഒല്ലൂര്‍: ആള്‍മറയില്‍ വിശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തിയത് പത്ത് മണിക്കൂറിന് ശേഷം. അഞ്ചേരി സ്വദേശി കുരുതുകുളങ്ങര ജോണ്‍ഡ്രിലിനാണ് (25) അഗ്‌നിരക്ഷാസേന രക്ഷയായത്. 25 അടി താഴ്ചയുള്ള വിസ്തൃതമായ കിണറ്റില്‍ പത്തടിയിലേറെ വെള്ളമുള്ള കിണറിലാണ് ജോണ്‍ഡ്രില്‍ വീണത്. പത്ത് മണിക്കൂര്‍ നേരം ഹോസില്‍ പിടിച്ചുനിന്നാണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് കിണറ്റില്‍ വീണത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് ഇയാളെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.

ഒല്ലൂര്‍ തിരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കമ്പനിപ്പടിയിലെ വൈലോപ്പിള്ളി സ്മാരക ഗവ. സ്‌കൂളിലെ കിണറിന്റെ ആള്‍മറയില്‍ ജോണ്‍ വിശ്രമിക്കുകയായിരുന്നു. ഉറക്കത്തിനിടെ ആള്‍മറയില്‍ നിന്നുരുണ്ട് കിണറ്റില്‍ വീഴുകയായിരുന്നു. ഇരുമ്പുഗ്രില്‍ ഉപയോഗിച്ച് കിണര്‍ മൂടിയിരുന്നെങ്കിലും തുരുമ്പെടുത്ത് പഴകിയിരുന്നതിനാല്‍ ഒരുഭാഗം ഒടിഞ്ഞ് വീഴുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനെത്തിയവര്‍ കിണറ്റില്‍ നിന്ന് നിലവിളി കേട്ട് നോക്കിയപ്പോഴാണ് ജോണിനെ കാണുന്നത്. ഇവര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വടംകെട്ടി കയറി ഇരിക്കാവുന്ന വലിയ വല കിണറ്റിലിറക്കി യുവാവിനെ പുറത്തെത്തിച്ചു. തൃശ്ശൂര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ശിവദാസന്‍, സജിന്‍, ബിജോയ്, അനില്‍കുമാര്‍, ജിബിന്‍, ഹോം ഗാര്‍ഡ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version