വാള്‍ മറന്നുവെച്ചു; ചന്ദനമരം മുറിക്കാന്‍ വീണ്ടുമെത്തിയ കള്ളനെ നാട്ടുകാര്‍ പൊക്കി, അറസ്റ്റ് ചെയ്ത് പോലീസ്

എടയൂരില്‍ പള്ളിയുടെ അധീനതയിലുള്ള ഭൂമിയില്‍ ചന്ദനം മുറിക്കാനെത്തിയ കള്ളനെ നാട്ടുകാര്‍ പിടികൂടി.

മലപ്പുറം: എടയൂരില്‍ പള്ളിയുടെ അധീനതയിലുള്ള ഭൂമിയില്‍ ചന്ദനം മുറിക്കാനെത്തിയ കള്ളനെ നാട്ടുകാര്‍ പിടികൂടി. പാലക്കാട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിമിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ ചോദ്യം ചെയ്ത ശേഷം വളാഞ്ചേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.


മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കല്‍ ജുമാമസ്ജിദിന്റെ അധീനതയിലുള്ള ഭൂമിയില്‍ രണ്ടാഴ്ച മുമ്പ് ചന്ദന മരം മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മരം മുറിക്കാനുപയോഗിക്കുന്ന വാളും കണ്ടെടുത്തു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇയാള്‍ വീണ്ടും അവിടെ ചന്ദനമരം മുറിക്കാന്‍ എത്തി. ഇതോടെ കള്ളനെ നാട്ടുകാര്‍ കൈയ്യോടെ പൊക്കി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

നേരത്തെ നോക്കി വെച്ച ചന്ദന മരങ്ങള്‍ മുറിക്കാനായി കള്ളന്‍ വീണ്ടുമെത്തുമെന്ന കണക്കുകൂട്ടലില്‍ നാട്ടുകാര്‍ കാവല്‍ നിന്നിരുന്നു. അര്‍ധരാത്രിയോടെ ബൈക്കില്‍ സ്ഥലത്തെത്തിയ കള്ളന്‍ ചന്ദനം മുറിച്ച് ചാക്കിലാക്കി മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാളെത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version