ശസ്ത്രക്രിയ നേരത്തെ നടത്താന്‍ 2000 രൂപ കൈക്കൂലി വാങ്ങി, ഡോക്ടറെ സസ്‌പെന്റ് ചെയ്തു, സംഭവം കാസര്‍കോട്

അനസ്‌തേഷ്യ ഡോക്ടര്‍ വെങ്കിടഗിരിയെയാണ് സസ്‌പെന്റ് ചെയ്തത്.

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രോഗിയോട് കൈക്കൂലി വാങ്ങിയ ഡോക്ടറെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അനസ്‌തേഷ്യ ഡോക്ടര്‍ വെങ്കിടഗിരിയെയാണ് സസ്‌പെന്റ് ചെയ്തത്. അബ്ബാസ് എന്ന രോഗിയില്‍ നിന്നും 2000 രൂപയാണ് ഡോക്ടര്‍ കൈക്കൂലി വാങ്ങിയത്. അന്ന് തന്നെ അയാളെ വിജിലന്‍സ് പിടികൂടുകയും ചെയ്തു. ഇതിന് ശേഷം റിമാന്റില്‍ കഴിയുകയാണ് വെങ്കിടഗിരി.

കാസര്‍കോട് നുള്ളിപ്പാടിയിലെ വീട്ടില്‍ വെച്ചാണ് ഇയാള്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്. മധൂര്‍ പട്‌ള സ്വദേശി അബ്ബാസിന് ഹെര്‍ണിയ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിക്കാനാണ് കാശ് വാങ്ങിയത്.

അബ്ബാസ് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകളാണ് ഡോക്ടര്‍ വെങ്കിടഗിരിക്ക് നല്‍കിയത്. പണം വാങ്ങി പാന്റ്‌സിന്റെ കീശയില്‍ ഇട്ട ഡോക്ടറെ ഉടന്‍ തന്നെ ഡിവൈഎസ്പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി പിടികൂടുകയായിരുന്നു.

ഡിസംബര്‍ മാസത്തിലായിരുന്നു ആദ്യം ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ച് നല്‍കിയത്. ഈ തീയതി നേരത്തെ ആക്കുന്നതിനാണ് ഡോ വെങ്കിടഗിരി 2000 രൂപ കൈക്കൂലി വാങ്ങിയത്.

അതേസമയം, പരാതിക്കാരന് ചികിത്സ ഉറപ്പ് വരുത്താന്‍ വിജിലന്‍സ് ഡിവൈഎസ്പി അടക്കമുള്ള സംഘം ആശുപത്രിയിലെത്തി. സൂപ്രണ്ട് അടക്കമുള്ളവരെക്കണ്ട് ഡിവൈഎസ്പി ചര്‍ച്ച നടത്തി ഒക്ടോബര്‍ നാലിന് തന്നെ ശസ്ത്രക്രിയ നടത്തി. അബ്ബാസിപ്പോള്‍ ആശുപത്രി വിട്ടു.

Exit mobile version