പിഎഫ്‌ഐ വ്യാജ ചാപ്പകുത്തല്‍ കേസ്; രണ്ട് പ്രതികള്‍ക്കും ജാമ്യം; രാജ്യദ്രോഹക്കുറ്റം ചുമത്താതെ പോലീസ്

കടയ്ക്കല്‍: സൈനികനെ ആക്രമിച്ച് മുതുകില്‍ പിഎഫ്‌ഐ എന്ന് ചാപ്പകുത്തിയെന്ന് വ്യാജമായി പരാതി കെട്ടിച്ചമച്ച കേസിലെ രണ്ട് പ്രതികള്‍ക്കും ജാമ്യം. കൊല്ലം കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സൈനികനായ ഇട്ടിവ സ്വദേശി ബിഎസ് ഭവനില്‍ ഷൈന്‍, സുഹൃത്ത് ജോഷി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

നേരത്തെ ജാമ്യം ലഭിക്കാത്ത വകുപ്പുകളും രാജ്യദ്രോഹക്കുറ്റവുമടക്കം ചുമത്തുമെന്നായിരുന്നു പോലീസ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഗൂഢാലോചനക്കുറ്റം മാത്രമാണ് പോലീസ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്.

കടയ്ക്കല്‍ കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയിലായതിനാല്‍ പകരം ചുമതലയുള്ള പുനലൂര്‍ കോടതിയിലെ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കഴിഞ്ഞ ദിവസം ഓണ്‍ലൈനായി കേട്ട ശേഷമാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ 751 ഫീല്‍ഡ് വര്‍ക്‌ഷോപ്പില്‍ സൈനികനാണ് ചാണപ്പാറ ബിഎസ് നിവാസില്‍ ഷൈന്‍കുമാര്‍. ഒരുമാസം മുമ്പാണ് ഷൈന്‍ അവധിക്ക് നാട്ടിലെത്തിയത്. ഇതിനിടെയാണ് പ്രശസ്തനാവാന്‍ വേണ്ടി വ്യാജക്കേസ് ഷൈന്‍ കുമാര്‍ കെട്ടിച്ചമച്ചത്.

കഴിഞ്ഞ 24ന് രാത്രി സുഹൃത്തിന് പണം കൊടുക്കാന്‍ പോകവെ ചാണപ്പാറക്കും മുക്കടക്കും ഇടയിലെ ആളൊഴിഞ്ഞ വഴിയില്‍ വെച്ച് കുറച്ചുപേര്‍ തടഞ്ഞുനിര്‍ത്തി തന്നെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറി മുതുകത്ത് പിഎഫ്‌ഐ എന്ന് എഴുതുകയും ചെയ്തതായി പരാതിപ്പെട്ടാണ് ഷൈന്‍ രംഗത്തെത്തിയത്.

also read- ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി, മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിന് ഡെങ്കിപ്പനി; ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരം നഷ്ടമാകും
പോലീസ് അന്വേഷണത്തില്‍ ഷൈന്‍ കുമാര്‍ സുഹൃത്തിന്റെ സഹായത്തോടെ കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്ന് കണ്ടെത്തുകയായിരുന്നു. പിഎഫ്‌ഐ എന്ന് സുഹൃത്താണ് ഷൈനിന്റെ പുറത്ത് എഴുതിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Exit mobile version