പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിച്ച സംഭവം; ചതിച്ചത് ഗൂഗിള്‍ മാപ്പല്ലെന്ന് എംവിഡി

പറവൂര്‍: ശനിയാഴ്ച പെരിയാറിന്റെ കൈവഴിയായ കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായ സംഭവത്തില്‍ ഗൂഗിള്‍ മാപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ഡോക്ടര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലമണ് അപകടം സംഭവിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഈ നിഗമനത്തിലെത്തിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയുടെ കീഴിലുള്ള എആര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അപകടത്തില്‍ മരിച്ചത്.

മതിലകം പാമ്പിനേഴത്ത് ഒഫൂര്‍-ഹഫ്‌സ ദമ്പതികളുടെ മകന്‍ ഡോ. അജ്മല്‍ ആസിഫ് (28), കൊല്ലം മയ്യനാട് തട്ടാമല തുണ്ടിയില്‍ ഡോ. അദ്വൈത് (28) എന്നിവരാണ് മരിച്ചത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ട്. എന്നാല്‍, മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചാരണം ഉണ്ടായെങ്കിലും ഇത് തെറ്റാണെന്ന് കഴിഞ്ഞ ദിവസം വടക്കേക്കര പോലീസും സ്ഥിരീകരിച്ചിരുന്നു.

കൊടുങ്ങല്ലൂരില്‍ നിന്നും വരുമ്പോള്‍ ദേശീയപാത 66 ഒഴിവാക്കി ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍നിന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു. ഇവിടെ നിന്നാണ് കാര്‍ പുഴയിലേക്ക് പതിച്ചത്.
ALSO REAd- മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി ആന്‍സണ്‍ റോയിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കാര്‍ ലേബര്‍ കവലയില്‍നിന്ന് ഇടത്തേക്ക് പോകേണ്ടതിനു പകരം വലത്തേക്കു തിരിഞ്ഞു കടല്‍വാതുരുത്തില്‍ എത്തിയതാണ് പുഴയില്‍ പതിക്കാന്‍ കാരണമായത്. ഇക്കാര്യം അപകടത്തില്‍നിന്ന് രക്ഷപ്പെട്ട യുവതിയാണ് പോലീസിനോട് പറഞ്ഞത്.

ആദ്യം പോലീസിന് നല്‍കിയ മൊഴി തെറ്റാണ്. യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും വഴി കൃത്യമായി അറിയില്ലായിരുന്നു. വാഹനത്തിന് തകരാര്‍ ഉണ്ടായിരുന്നതുമില്ല.

അതേസമയം, സുരക്ഷക്കായി പുഴയുടെ സമീപം റോഡ് അവസാനിക്കുന്നതിന് 25 മീറ്റര്‍ മുമ്പെങ്കിലും ബാരിക്കേഡ് വെക്കണമെന്ന് പിഡബ്ല്യുഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ആവശ്യപ്പെടുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. വിനോദ്കുമാര്‍ പറഞ്ഞു.

Exit mobile version