വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി; പ്രതി പിടിയില്‍

വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തോപ്പുംപടി സ്വദേശിയുടെ കൈയ്യില്‍ നിന്നും 11,25,000 രൂപ വാങ്ങി മുങ്ങിയ കേസിലാണ് പി.ബി പ്രസാദ് അറസ്റ്റിലായത്.

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയ കേസിലെ പ്രതി അറസ്റ്റില്‍. വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തോപ്പുംപടി സ്വദേശിയുടെ കൈയ്യില്‍ നിന്നും 11,25,000 രൂപ വാങ്ങി മുങ്ങിയ കേസിലാണ് പി.ബി പ്രസാദ് അറസ്റ്റിലായത്. തോപ്പുംപടി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പണം വാങ്ങിയ ശേഷം ഒളിവില്‍ പോയിരുന്ന പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന് ശേഷം തൃശൂര്‍ ഭാഗത്തു നിന്നുമാണ് പോലീസ് പിടികൂടിയത്.

പിടിയിലായ പ്രസാദിനെതിരെ സമാന രീതിയിലുള്ള കുറ്റത്തിന് അഞ്ച് കേസുകള്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലും ഒരു കേസ് അങ്കമാലി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version