ചുമയും ശ്വാസ തടസ്സവും: പരിശോധനയില്‍ കണ്ടത് ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ഏഴ് മാസം പ്രായമായ കുഞ്ഞിന് അത്ഭുത രക്ഷ

കൊച്ചി: ചുമയും ശ്വാസ തടസവുമായെത്തിയ പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്. ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുരുങ്ങിയ എല്‍ഇഡി ബള്‍ബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ കുഞ്ഞിനാണ് അത്ഭുതകരമായി ജീവിതം തിരിച്ചുകിട്ടിയത്.

നിലക്കാത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴ്ഭാഗത്തായി എന്തോ വസ്തു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ ബ്രോങ്കോസ്‌കോപി പരിശോധനയിലാണ് വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കണ്ടത്. ഉടന്‍ തന്നെ വിദഗ്ധസംഘം ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു.

കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെയുള്ളില്‍ നിന്നും ബള്‍ബ് കുഞ്ഞിന്റെയുള്ളില്‍ എത്തിയതാവാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇത് അപൂര്‍വ സംഭവമാണെന്നും കുട്ടികളുടെ മാതാപിതാക്കള്‍ കളിപ്പാട്ടങ്ങള്‍ കൊടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version