ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതിയിൽ നിന്നും ജാമ്യം

കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ 11 മാസമായി ജയിലിൽ കഴിയുകയായിരുന്ന ഗ്രീഷ്മയ്ക്ക് ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

2022 ഒക്ടോബർ 14നായിരുന്നു പാറശാല സ്വദേശിയും വിദ്യാർത്ഥിയുമായ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയത്. കേരളത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു യുവാവിന്റേത്. തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ആൺസുഹൃത്തായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി ഗ്രീഷ്മ നൽകിയെന്നാണ് കേസ്.

ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവന് വേണ്ടി പൊരുതിയ ഷാരോൺ ഒക്ടോബർ 25നാണ് മരണപ്പെട്ടത്. മരണമൊഴിയിലും ഗ്രീഷ്മക്കെതിരായി ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. ആദ്യം പാറശാല പോലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു എത്തിച്ചേർന്നത്. എന്നാൽ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിന് ഗ്രീഷ്മയാണ് വിഷം കൊടുത്തതെന്ന് തെളിയുകയായിരുന്നു.

ALSO RREAD- ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ സ്വർണം നേടി ഇന്ത്യൻ വനിതകൾ; ക്രിക്കറ്റിൽ പുതുചരിതം; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

സൈനികനായ യുവാവുമായി മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതികളാണ്. ഇവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചെന്ന പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരെയും കേസിൽ പ്രതി ചേർത്തത്.

Exit mobile version