പോലീസിലേക്ക് ഇനി അവസരം ഫോട്ടോഗ്രാഫേഴ്‌സിന്, ആല്‍ബം തയ്യാറാക്കലാണ് അവരുടെ ഇപ്പോഴത്തെ ജോലി; രൂക്ഷ വിമര്‍ശനവുമായി കെപി ശശികല

നാമം ജപിച്ചു കൊണ്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. ഈ നിലയില്‍ തന്നെ സമരം മുന്നോട്ടു കൊണ്ട് പോകാമെന്നു ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലയെന്ന് ശശികല പറഞ്ഞു

വടക്കേക്കര: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അറസ്റ്റില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല രംഗത്ത്. പോലീസിലേക്ക് ഇനി അവസരം ഫോട്ടോഗ്രാഫേഴ്‌സിനാണെന്നും ആല്‍ബം തയ്യാറാക്കലാണ് അവരുടെ ഇപ്പോഴത്തെ ജോലിയെന്നും ശശികല പറഞ്ഞു.

കൂടാതെ കെട്ടുമെടുത്ത് മലക്ക് പോകുന്നവരെ തിരിച്ചുകൊണ്ട് വരുന്ന പോലീസ്, പേക്കോലങ്ങളെ കെട്ടി എഴുന്നള്ളിച്ച് കൊണ്ട് പോകുന്നുവെന്നും ശശികല ആരോപിച്ചു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ശശികല പറഞ്ഞു.

പോലീസ് പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് വടക്കേക്കര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ശബരിമല കര്‍മ്മ സമിതിയുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല.

നാമം ജപിച്ചു കൊണ്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. ഈ നിലയില്‍ തന്നെ സമരം മുന്നോട്ടു കൊണ്ട് പോകാമെന്നു ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലയെന്ന് ശശികല പറഞ്ഞു. പോലീസ് ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ ജയിലുകള്‍ നിറയുമെന്ന് ശശികല കൂട്ടിച്ചേര്‍ത്തു.

Exit mobile version