കണ്ണൂര്‍ വിമാനത്താവളം; വിമാനക്കമ്പനി പ്രതിനിധികളുമായി ഇന്ന് കിയാല്‍ എംഡി ചര്‍ച്ച നടത്തും

വിമാനത്താവളത്തില്‍നിന്ന് ആദ്യം സര്‍വീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചര്‍ച്ചയില്‍ തീരുമാനമെടുക്കും.

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബറില്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇന്ന് വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി കിയാല്‍ എംഡി വി തുളസീദാസ് ചര്‍ച്ച നടത്തും. വിമാനത്താവളത്തില്‍ നിന്ന് ആദ്യം സര്‍വീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചര്‍ച്ചയില്‍ തീരുമാനമെടുക്കും.

വിമാന സര്‍വീസ് തുടങ്ങാന്‍ ധാരണയായ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളോടൊപ്പം സര്‍വീസിന് താത്പര്യമറിയിച്ച മറ്റുകമ്പനികളുടെ പ്രതിനിധികളും കിയാല്‍ എംഡിയുമായുളള ചര്‍ച്ചയില്‍ പങ്കെടുക്കും. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി വിമാനത്താവളം സന്ദര്‍ശിച്ചു. കിയാല്‍ അധികൃതരുമായി അദ്ദേഹം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി.

വിമാനത്താവളം സന്ദര്‍ശിക്കാന്‍ നാട്ടുകാര്‍ക്ക് അനുമതി നല്‍കിയിരുന്നു. ക്രമാതീതമായി സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതു സംബന്ധിച്ചും അതിനായി എടുക്കേണ്ട സുരക്ഷാ മുന്‍ കരുതലിനെപ്പറ്റിയും യോഗം വിലയിരുത്തി.

കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി ഇന്ന് കസ്റ്റംസ്, ഇമിഗ്രേഷന്‍ അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്. അതേസമയം ഈ മാസം 10 മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം അനുവദിക്കുക. 10, 11 തീയതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലെയും മട്ടന്നൂര്‍ നഗരസഭയിലെയും ആളുകള്‍ക്കും 12-ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കിയാല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Exit mobile version