കോഴിക്കോട്: നിപ ജാഗ്രത തുടരവെ കോഴിക്കോട് നാലു പേരാണ് നിലവില്‍ വൈറസ് ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരുടെയും നില ഗുരുതരമല്ല. 83 പരിശോധനാ ഫലങ്ങള്‍ ഇതുവരെ നെഗറ്റീവായി. എങ്കിലും 21 ദിവസം ക്വാറന്റീനില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 1,080 ആളുകളാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ ബാധിത മേഖലയില്‍ നിന്ന് വവ്വാലുകളെ പിടികൂടി ഇന്ന് പരിശോധനയ്ക്കയക്കും. മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ പുരയിടത്തോട് ചേര്‍ന്ന വാഴത്തോട്ടത്തില്‍ നിന്ന് വവ്വാലുകളെ പിടികൂടാനായി ഇന്നലെ വല വിരിച്ചിരുന്നു. രണ്ടു വവ്വാലുകള്‍ വലയില്‍ കുടുങ്ങിയിരുന്നു. ഇവയില്‍ വൈറസുണ്ടോ എന്ന് പരിശോധിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ കൂടുതല്‍ പരിശോധനാ ഫലങ്ങളും ഇന്ന് പുറത്ത് വരും.
പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്, അടുത്ത ശനിയാഴ്ച വരെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കാന്‍ തീരുമാനിച്ചത്. പകരം ഓണ്‍ലൈന്‍ ക്ലാസ് നടത്തും.
മരുതോങ്കരയിലെ വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയ്ക്കും; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ഫലം ഇന്ന്
