നിപാ സംശയം; ചികിത്സയിലുള്ള രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, കോഴിക്കോട് ജാഗ്രത നിര്‍ദേശം

നിപാ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരം.

കോഴിക്കോട്: നിപാ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഈ കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആശുപത്രിയില്‍ കഴിയുന്നത്.

4വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മരിച്ചയാളുടെ ബന്ധുവായ 25വയസു കാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം, നിപ സംശയത്തോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

Exit mobile version