വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം; ബലാത്സംഗക്കുറ്റം ചുമത്തി ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കേസ്.

എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത്ു. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരെയാണ് കേസ്.

ഫേസ്ബുക്കില്‍ പോസ്റ്റിട്ട വനിതാ ഡോക്ടര്‍, പോലീസിന് പരാതി നല്‍കിയതോടെയാണ് നടപടി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 2019ല്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോക്ടര്‍ മനോജിനെതിരായണ് ബലാത്സംഗകുറ്റം ചുമത്തി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.

2019 ഫെബ്രുവരിയില്‍ ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത വനിതാ ഡോക്ടറുടെ പരാതി പ്രകാരമാണ് നടപടി. നേരത്തെ ഫേസ് ബുക്കില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമം വിവരിച്ച് വനിതാ ഡോക്ടര്‍ കുറിപ്പെഴുതിയിരുന്നു. ഇതില്‍ ആരോഗ്യമന്ത്രിയടക്കം ഇടപെട്ട് നടപടിക്ക് നിര്‍ദേശം നല്‍കി. പിന്നാലെ വിദേശത്തുള്ള വനിതാ ഡോക്ടര്‍ ഇ മെയില്‍ വഴി പരാതി പോലീസിന് കൈമാറുകയായിരുന്നു.

ഇന്റേണ്‍ഷിപ്പിനിടെ കോട്ടേഴ്‌സിന് സമീപമുള്ള ക്ലിനിക്കിലേക്ക് വിളിപ്പിച്ചെന്നും ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നുമായിരുന്നു ഡോക്ടറുടെ പരാതി. ഇതു സംബന്ധിച്ച് പിറ്റേദിവസംതന്നെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.

ഇന്റേണ്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതിനാല്‍ ഇടപെടലുണ്ടാകുമെന്ന് പേടിച്ച് പരാതിയുമായി മുന്നോട്ട് പോയില്ല. ഡോക്ടര്‍ മനോജിന് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തിലാണ് തന്റെ ദുരനുഭവം വീണ്ടും പുറത്തു പറഞ്ഞതെന്നും വനിതാ ഡോക്ടര്‍ കുറിപ്പില്‍ പറയുന്നു. നിലവില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഡോക്ടര്‍ മനോജ്.

Exit mobile version