ദീപാ നിശാന്ത് വീണ്ടും കോപ്പിയടി കുരുക്കില്‍; പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ വരികള്‍ കോപ്പിയടിച്ചതായി ആരോപണം, വിമര്‍ശനം ഉയര്‍ന്നതോടെ ബയോ നീക്കി

തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് വീണ്ടും കോപ്പിയടി കുരുക്കില്‍. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് കേരളവര്‍മ്മയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ സംഗീത സുഷമാ സുബ്രമഹ്ണ്യന്‍ ആരോപിച്ചിരിക്കുന്നത്.

നേരത്തെ കവി എസ് കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ സര്‍വ്വീസ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിവാദമായതോടെ ദീപ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് ദീപ തന്നെ കലേഷിനോട് മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കോപ്പിയടി വിവാദം കൂടി ഉയര്‍ന്നുവന്നത്.

കേരള വര്‍മ്മയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയിലെ വരികള്‍ കടപ്പാട് വയ്ക്കാതെ ഫേസ്ബുക്ക് ബയോ ആയി നല്‍കി, മറ്റുള്ളവരെ സ്വന്തം കവിതയെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് പുതിയ ആരോപണം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം ആരംഭിച്ചപ്പോള്‍ തന്നെ ദീപാ നിശാന്ത് ഫേസ്ബുക്ക് ബയോ നീക്കം ചെയ്തു.

Exit mobile version