പിതാവിന്റെ കൊലപാതകം: ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയാക്കിയപ്പോള്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി

കാഞ്ഞിരംകുളം: പിതാവിന്റെ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയാക്കിയപ്പോള്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. കാഞ്ഞിരംകുളം തന്‍പൊന്നന്‍കാല വീട്ടില്‍ ബി.ഡബ്ല്യു. ജോതികുമാര്‍ (48) ആണ് ഒന്‍പതരവര്‍ഷത്തെ ശിക്ഷയ്ക്കുശേഷം കുറ്റവിമുക്തനായത്. ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാര്‍, സിഎസ് സുധ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുറ്റവിമുക്തനാക്കിയത്.

സിബിഐ കോടതിയാണ് ജ്യോതികുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. ചെയ്യാത്ത കുറ്റത്തിന് ഒന്‍പതരവര്‍ഷം ജയിലില്‍ കിടന്നെങ്കിലും അവസാനം നീതികിട്ടിയെന്ന് ജ്യോതികുമാര്‍ പറഞ്ഞു.

2004ഫെബ്രുവരി 16-നാണ് കാഞ്ഞിരംകുളം ചാവടിയില്‍ പലവ്യഞ്ജനക്കട നടത്തിയിരുന്ന തന്‍പോന്നന്‍കാല വീട്ടില്‍ വില്‍സണെ (57) കഴുത്തില്‍ കുത്തേറ്റനിലയില്‍ കണ്ടെത്തിയത്. ചികിത്സയ്ക്കിടെ വില്‍സണ്‍ മരിച്ചു.

കാഞ്ഞിരംകുളം പോലീസിന്റെ അന്വേഷണത്തില്‍ മകനെ അറസ്റ്റുചെയ്തു. വില്‍സണില്‍ നിന്ന് കടംവാങ്ങിയിരുന്ന ഒരുലക്ഷത്തിലധികം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ അന്വേക്ഷണം തൃപ്തികരമല്ലെന്ന് പറഞ്ഞ് മകന്‍ ജ്യോതികുമാര്‍ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അങ്ങനെ കേസ് സിബിഐക്ക് കൈമാറി. സിബിഐ ഉദ്യോഗസ്ഥന്‍ കൈമളിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയ പ്രതികളെ ഒഴിവാക്കുകയും ജ്യോതികുമാറിനെ പ്രതിയാക്കുകയും ചെയ്തു. ജ്യോതികുമാര്‍ പിതാവിനോട് ആവശ്യപ്പെട്ട പണം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സിബിഐ കുറ്റപത്രം.

കോടതി വിചാരണയില്‍ 80-സാക്ഷികളെ വിസ്തരിക്കുകയും 88-രേഖകളും ഏഴ് തൊണ്ടിമുതലുകളും തെളിവിനായി ഹാജരാക്കുകയും ചെയ്തു. ഇതിനിടെ ജ്യോതികുമാര്‍ ബ്രെയിന്‍മാപ്പിങ്ങിന് തയ്യാറാണെന്നും സമ്മതപത്രം നല്‍കി. വിചാരണക്കൊടുവില്‍ ജ്യോതികുമാറിനെ ജീവപര്യന്തം തടവ് ശിക്ഷിച്ചു. ശിക്ഷയ്ക്കിടെ സമര്‍പ്പിച്ച അപ്പീലിന്റെ അന്തിമവിധിയിലാണ് ജ്യോതികുമാര്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത്. ജ്യോതികുമാറിനായി അഭിഭാഷകന്‍ ഷാജിന്‍ എസ് ഹമീദ് ഹാജരായി.

Exit mobile version