ജിഷ്ണു കോപ്പിയടിച്ചിട്ടില്ല, മാനേജ്‌മെന്റ് വൈരാഗ്യം തീര്‍ത്തത് തന്നെ; സിബിഐ കണ്ടെത്തലുകള്‍ പുറത്ത്

കൊച്ചി: പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കേസില്‍ സിബിഐയുടെ നിര്‍ണായക കണ്ടെത്തലുകള്‍ പുറത്ത്. ജിഷ്ണു കോപ്പിയടിച്ചില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. പരീക്ഷ പേപ്പര്‍ സിബിഐ റിവാല്യുവേഷന്‍ നടത്തി. മാനേജ്‌മെന്റ് വൈരാഗ്യത്തോടെ പെരുമാറിയെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തലിലുണ്ട്. ട്വന്റിഫോര്‍ ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിഷ്ണു പ്രണോയിയുടെ മരണത്തിന് രണ്ടുവര്‍ഷം തികയുന്ന ദിവസമാണിന്ന്. റിവാല്യുവേഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജിഷ്ണു നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നുവെന്നാണ് സിബിഐയുടെ നിഗമനം. കോപ്പിയടിച്ചെന്ന് പറയുന്ന പേപ്പറില്‍ അധ്യാപകര്‍ തടസ്സപ്പെടുത്തിയത് വരെയുള്ള ഭാഗം പരിശോധിച്ചതില്‍ അത്രയും ഭാഗം വച്ച് തന്നെ ജിഷ്ണു പാസ് മാര്‍ക്ക് നേടിയെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ജിഷ്ണു കോളേജിന്റെ നടപടികളെ കുറിച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് പരാതി അയച്ചിരുന്നുവെന്നും ആ പരാതിയില്‍ അന്വേഷണം നടന്നിരുന്നുവെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഇക്കാരണത്താല്‍ മാനേജ്‌മെന്റിന് ജിഷ്ണുവിന്റെ മേല്‍ അതൃപ്തി ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു പരീക്ഷയ്ക്കിടെ ഡയഗ്രം കോപ്പിയടിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ഡയഗ്രം കോപ്പിയടിച്ചതല്ലെന്ന് സിബിഐയ്ക്ക് വ്യക്തമായി. അത് മാത്രമല്ല ജിഷ്ണു ഇരിക്കുന്ന സ്ഥലത്ത് നിന്ന് ഒരിക്കലും കോപ്പിയടിക്കാന്‍ പറ്റിയ സാഹചര്യം അല്ലെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്.

കോപ്പിയടിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലില്‍ ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോളേജിന്റെ വാദം. എന്നാല്‍ ജിഷണുവിനെ അധികൃതര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.

കോളജ് മാനേജ്‌മെന്റിന്റെ പീഢനം കാരണമാണ് ജിഷ്ണു മരിക്കാനിടയായതെന്നാണ് കുടുംബം അന്ന് മുതല്‍ ആരോപിക്കുന്നത്. കേസ് ആദ്യം ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിനും വിട്ടു. കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ സിപി പ്രവീണ്‍ തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് ആദ്യഘട്ടത്തില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ നാളുകള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ പ്രതികള്‍ കീഴടങ്ങി. നിരന്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അന്വേഷണ ചുമതല സിബിഐയ്ക്ക് കൈമാറുന്നത്.

Exit mobile version