രാജിവെച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാം; സിദ്ധീഖ് പറഞ്ഞത് വികാരത്തിന്റെ പുറത്ത്; കെപിഎസി ലളിതയുടെത് നാടന്‍ പ്രയോഗം; വിശദീകരിച്ച് മോഹന്‍ലാല്‍

രാജി വെച്ചു പോയ നടിമാര്‍ അപേക്ഷ നല്‍കുക തന്നെ വേണമെന്നും സ്വീകരിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍

കൊച്ചി: വ്യക്തിപരമായി ആക്രമിച്ചത് വേദനിപ്പിച്ചെന്ന് നടന്‍ മോഹന്‍ലാല്‍. അമ്മയുടെ പ്രസിഡന്റ് എന്നതിനപ്പുറത്തേക്ക് മോഹന്‍ലാല്‍ എന്ന വ്യക്തിയ്ക്ക് നേരെ ആക്രമണങ്ങളുണ്ടായി. അത് തന്നെ വളരെ വേദനിപ്പിച്ചുവെന്ന് നടന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. രാജി വെച്ചു പോയ നടിമാര്‍ അപേക്ഷ നല്‍കുക തന്നെ വേണമെന്നും സ്വീകരിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സിദ്ധീഖിന്റെ പ്രസ്താവനകളെ തള്ളിക്കളയാതിരുന്ന മോഹന്‍ലാല്‍, അദ്ദേഹം വികാരഭരിതനായി പറഞ്ഞു പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കെപിഎസി ലളിതയുടെത് നാടന്‍ പ്രയോഗമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു. സിദ്ധീഖും ജഗദീഷും തമ്മില്‍ പ്രശ്‌നങ്ങളില്ല.

സംഘടനയിലിരുന്നു കൊണ്ട് സംഘടനയ്ക്കെതിരെ പറയുന്ന മൂന്നു നടിമാരെ കുറിച്ച് പറഞ്ഞപ്പോള്‍ സിദ്ധീഖ് വികാരഭരിതനായിപ്പോയി എന്നേ ഉള്ളൂ. നമുക്ക് മൃദുസമീപനം തന്നെയാണ്. രാജി വെച്ചവര്‍ ആപ്ലിക്കേഷന്‍ തരണം സ്വീകരിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീുമാനിക്കും- അദ്ദേഹം പറഞ്ഞു. നേരത്തെ മോഹന്‍ലാല്‍ തങ്ങളെ നടിമാര്‍ എന്ന് പരാമര്‍ശിച്ചതിനെ പത്ര സമ്മേളനത്തില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പത്രസമ്മേളനത്തില്‍ സ്വയം പരിചയപ്പെടുത്തിയാണ് അവര്‍ തുടങ്ങിയത്. പക്ഷെ, ഇന്നത്തെ പത്രസമ്മേളനത്തിലും മോഹന്‍ലാല്‍ അവരെ നടിമാര്‍ എന്ന് തന്നെയാണ് പരാമര്‍ശിച്ചത്. അങ്ങനെയാണ് വിളിക്കേണ്ടതെന്നും ആക്ഷപമല്ല അതെന്നും മോഹന്‍ലാല്‍ കൊച്ചിയില്‍ പറഞ്ഞു.

Exit mobile version