പോലീസിനെ കണ്ട് ഭയന്ന് സ്‌കൂട്ടറുമായി രക്ഷപെടാന്‍ ശ്രമം; സംശയം തോന്നി പിന്തുടര്‍ന്ന് പോലീസ്, ഒടുവില്‍ അറസ്റ്റ്

കഞ്ചാവ് കടത്താനുപയോഗിച്ച് സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.

തിരുവനന്തപുരം: വില്‍പ്പനയ്ക്കായി എത്തിച്ച ഒന്നര കിലോയിലധികം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. വിഴിഞ്ഞം പള്ളിത്തുറ സ്വദേശിയും വെങ്ങാനൂര്‍ ചാവടി നട മുള്ളുവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന എഡ്വിനെ(42) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്.

ബീമാപള്ളിയില്‍ നിന്ന് എഡ്വിന്‍ സ്‌കൂട്ടറില്‍ കൊണ്ടു വരികയായിരുന്നു കഞ്ചാവ്. റോഡില്‍ പോലീസിനെ കണ്ടതോടെ സ്‌കൂട്ടറുമായി എഡ്വിന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ സംശയം തോന്നിയ പോലീസ് സ്‌കൂട്ടറിനെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് വെങ്ങാനൂരിലെ ഇയാളുടെ വീടിന് സമീപം വച്ച് പോലീസ് സംഘം ബലംപ്രയോഗിച്ച് എഡ്വിനെ പിടികൂടി. കഞ്ചാവ് കടത്താനുപയോഗിച്ച് സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.

വെങ്ങാനൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് എഡ്വിന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ ജി.വിനോദ്,എസ്. ഹര്‍ഷകുമാര്‍,സി.പി.ഒ.മാരായ രാമു, ധനീഷ്, നിഷസ്, അജേഷ്, സുജിത് എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്തത്. അതേസമയം, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version