മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമ: ഒരു ദുശ്ശീലവുമില്ലാത്ത സിദ്ദീഖിന് അസുഖങ്ങള്‍ പിടിപെട്ടത് ഞെട്ടിപ്പിക്കുന്നത്; കണ്ണീരടക്കാനാവാതെ ജയറാം

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് നടന്‍ ജയറാം. മലയാള സിനിമ കണ്ട ഏറ്റവും നല്ല ഹൃദയത്തിന്റെ ഉടമയായിരുന്നു സംവിധായകന്‍ സിദ്ദിഖ്. സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. താനുമായി അദ്ദേഹത്തിന് 45 വര്‍ഷത്തിലധികമായുള്ള സൗഹൃദമുണ്ടെന്നും ജയറാം പറഞ്ഞു. കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയറാം.

സിനിമയിലും മിക്രിയിലും എത്തുന്നതിനു മുമ്പേ തുടങ്ങിയ സൗഹൃദമായിരുന്നു സിദ്ദിഖുമായി. ഒരു ദുശീലവുമില്ലാതിരുന്ന തങ്ങളുടെ സുഹൃത്തിനെ ഇത്രയും വലിയൊരു അസുഖം കീഴ്‌പ്പെടുത്തുമെന്നും ഇത്ര പെട്ടെന്ന് ദൈവം വിളിച്ചുകൊണ്ടുപോകുമെന്നും കരുതിയിരുന്നില്ലെന്ന് ജയറാം പറയുന്നു. പ്രിയസുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മകളില്‍ വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം പ്രതികരിച്ചത്.

”സിദ്ദിഖുമൊത്തുള്ള സൗഹൃദത്തിന്റെ ഓര്‍മകളിലേക്ക് പോകണമെങ്കില്‍ ഏകദേശം 40 വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കണം. കലാഭവനും മുന്‍പേ തുടങ്ങിയ സൗഹൃദമാണ്. വൈകുന്നേരങ്ങളില്‍ പുല്ലേപ്പടി ജങ്ഷനില്‍ ഒത്തുകൂടുന്ന സൗഹൃദ കൂട്ടായ്മയില്‍ സിദ്ദിഖ്, ഞാന്‍, ലാല്‍, കലാഭവന്‍ റഹ്‌മാന്‍, സൈനുദീന്‍, പ്രസാദ് എല്ലാവരും ഉണ്ടാകും. അതിനുശേഷം സിനിമയിലെത്തി. പക്ഷേ സിനിമയില്‍ ഒരു ഡയറക്ടര്‍ എന്നതിലുപരിയായി സൗഹൃദമായിരുന്നു ഞങ്ങളുടെ സമ്പാദ്യം.

സിദ്ദിഖിനെ പോലെയുള്ള വ്യക്തിത്വങ്ങള്‍ ഒന്നും ഇപ്പോള്‍ സിനിമയില്‍ ഇല്ല. സിദ്ദിഖിനെ പോലൊരു പച്ചയായ മനുഷ്യന്‍ യാതൊരുവിധ സ്വഭാവ ദൂഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും അദ്ദേഹത്തിന് ഇങ്ങനെ ഒരു അസുഖം വരുന്നതും ഞങ്ങളുടെ സുഹൃത്തിനെ ഇത്രയും വേഗം ദൈവം മുകളിലേക്ക് വിളിച്ചുകൊണ്ടുപോകുന്നതും ഞങ്ങള്‍ വിചാരിക്കാത്ത കാര്യമാണ്. എന്നെ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവം തന്നെയാണ് ഇത്. ഒരു സിനിമയുടെ സംവിധായകന്‍ എന്നതിനേക്കാള്‍ ഉപരി ഇനിയും എത്രയോ കാലം ഞങ്ങളുടെയൊക്കെ ഇടയില്‍ ഞങ്ങളുടെ ഒരു സുഹൃത്തായിട്ട് കൂടെ നില്‍ക്കേണ്ട ആളാണ് സിദ്ദിഖ്.

സിദ്ദിഖിന് ഇങ്ങനെ സംഭവിക്കുമെന്ന് ഞങ്ങളൊന്നും സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യമാണ്. കാരണം ഒരു സ്വഭാവദൂഷ്യവുമില്ലാത്ത വ്യക്തിക്ക് വരാന്‍ പാടില്ലാത്ത അസുഖങ്ങള്‍ പിടിപെടുകയും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ അത് ഇത്രയേറെ വ്യാപിച്ച് ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞു പോകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂര്‍ മുന്‍പ് ഈ വാര്‍ത്ത കേട്ടത് ഞെട്ടലോടെയാണ്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. സിദ്ദിഖും ലാലും ഒക്കെ കലാഭവനില്‍ നിന്ന് പോയിട്ട് ആ സ്ഥാനത്ത് ഞാനാണ് വന്നത്. ഒരുമിച്ച് സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു പക്ഷെ അതിനേക്കാളൊക്കെ ഉപരി ഇത്രയേറെ ഹൃദയശുദ്ധി ഉള്ള മനുഷ്യന്‍ വേറെ ഉണ്ടാകില്ല. അത്ര ശുദ്ധനായ മനുഷ്യനാണ്. ഇങ്ങനെയുള്ള ആളുകളെയൊക്കെ ദൈവം ഇത്രയും പെട്ടെന്ന് വിളിച്ചതെന്തിനാണ്. ഒരു സംവിധായകനിലുപരി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ്, ജയറാം പറഞ്ഞു.

Exit mobile version