സിദ്ദിഖിന് വിട: സംസ്‌കാരം വൈകിട്ട് ആറ് മണിക്ക്; 9 മണിയോടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന് ഇന്ന് സാംസ്‌കാരിക കേരളം വിട ചൊല്ലും. സിദ്ദിഖിന്റെ മൃതദേഹം പുലര്‍ച്ചയോടെ അമൃത ആശുപത്രിയില്‍ നിന്ന് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടില്‍ സൗകര്യമൊരുക്കും. വൈകിട്ട് ആറ് മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം.

രാവിലെ കടവന്ത്രയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഭൗതികദേഹം കൊണ്ടുപോകും. രാവിലെ 9 മണി മുതല്‍ 12 മണിവരെയാണ് കൊച്ചിയില്‍ പൊതുദര്‍ശനമുണ്ടാവുക. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംവിധായകന്‍ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്.

കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

കൊച്ചിന്‍ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനില്‍ വെച്ചാണ് അദ്ദേഹം പില്‍ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. ഈ കാലയളവിലാണ് ഇരുവരും സംവിധായകന്‍ ഫാസിലിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹസംവിധായകരാകുന്നതും. ഈ ഘട്ടത്തില്‍ തന്നെയാണ് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേര്‍ന്നെഴുതുന്നത്.

1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദീഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് നിലകളില്‍ സജീവമായിരുന്നു. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കാബൂളിവാല, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദര്‍ എന്നീ സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. ഭാര്യ: സജിത, മക്കള്‍: സുമയ, സാറ, സുകൂണ്‍.

Exit mobile version