ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വ്യാപക പരിശോധന, കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങള്‍

സംസ്ഥാനത്ത് ഒട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്.

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും വ്യാപകമായി പരിശോധന നടത്തി തൊഴില്‍ വകുപ്പ്. സംസ്ഥാനത്ത് ഒട്ടാകെ 142 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.


കരാര്‍ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍, കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.

അതേസമയ, നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനല്‍ പശ്ചാത്തലം എന്നിവ കണ്ടെത്തുക, പകര്‍ച്ചവ്യാധി സാധ്യതകള്‍ വിലയിരുത്തുക, അതിഥി പോര്‍ട്ടല്‍ രജിസ്ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക തുടങ്ങിയവയാണ് പരിശോധനയുടെ ലക്ഷ്യം.

Exit mobile version