കനിവുവറ്റാതെ മലയാളി! നിലമ്പൂരിലെ പപ്പടവില്‍പ്പനക്കാരന്‍ ഉനൈറിനായി മലയാളി സ്വരുക്കൂട്ടിയത് 50 ലക്ഷം; 20 ലക്ഷം അനാഥര്‍ക്കായി മാറ്റിവച്ച് വീണ്ടും ഹൃദയങ്ങള്‍ കീഴടക്കി ആ കാരുണ്യമനസ്സ്

'പടച്ചോന്‍ കൈയ്യും കാലും തന്നിട്ടില്ലേ, പിന്നെ എങ്ങനെ ആരുടെയെങ്കിലും മുന്നില്‍ കൈനീട്ടാ'! വൈകല്യങ്ങള്‍ക്കിടയിലും അധ്വാനിച്ച് ജീവിക്കുന്ന ഉനൈറിനായി മലയാളി സ്വരുക്കൂട്ടിയത് 50 ലക്ഷം

നിലമ്പൂര്‍:’പടച്ചോന്‍ കയ്യും കാലും തന്നിട്ടില്ലേ, പിന്നെ എങ്ങനെ ആരുടെയെങ്കിലും മുന്നില്‍ കൈനീട്ടാ’ ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരിലെ ഉനൈര്‍ മലയാളിയെ കണ്ണീരിലാഴ്ത്തിയത് ഈ വാക്കുകളിലൂടെയാണ്.

വികലാംഗനായിട്ടും അധ്വാനിച്ച് കുടുംബം പുലര്‍ത്താനുള്ള ഉനൈറിന്റെ മനസ്ഥിതിയെ മലയാളി ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. ഒപ്പം സഹായഹസ്തങ്ങളും നീട്ടി. ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് മലയാളികള്‍ അയച്ചുനല്‍കിയത് 50 ലക്ഷം രൂപയാണ്.

ഇതില്‍ 20 ലക്ഷം രൂപ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി മാറ്റി വച്ചിരിക്കുകയാണ് ഉനൈര്‍. ബാക്കി പണം കൊണ്ട് ആര്‍സിസിയില്‍ ചികിത്സയിലുള്ള കാന്‍സര്‍ രോഗിയായ ഉമ്മയുടെ ചികില്‍സയും ഒരു വീടും വയ്ക്കണമെന്നാണ് ഉനൈറിന്റെ മോഹം.

സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഉനെര്‍ എന്ന യുവാവിന്റെ ജീവിതം മലയാളി അടുത്തറിയുന്നത്. ഉനൈറിന് കൈയ്ക്കും കാലിനും സ്വാധീനം കുറവാണ്. കാഴ്ച 50 ശതമാനത്തില്‍ താഴെ മാത്രം. ഒരു ഊന്നുവടിയുടെ സഹായത്തോടെ ഈ മനുഷ്യന്‍ ദിവസം പത്തുകിലോമീറ്ററോളം കയ്യില്‍ പപ്പടക്കെട്ടുമായി നടക്കും. ദിവസം ഒരു മുന്നൂറ് രൂപ വരെ കിട്ടും. എന്നാല്‍ ചെലവ് കഴിഞ്ഞ് ഒന്നും മിച്ചം പിടിക്കാന്‍ ഉണ്ടാവില്ല. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ മനുഷ്യന്‍.

Exit mobile version