കേരളത്തിലെ ക്രമസമാധാനം: കേന്ദ്രത്തെ അറിയിച്ചെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചു.
വിവരങ്ങള്‍ ഗവര്‍ണര്‍ പി സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് കൈമാറി.

അക്രമ സംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. രണ്ട് ദിവസത്തെ സ്ഥിതിഗതികള്‍ കേന്ദ്രത്തെ ധരിപ്പിച്ചതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്ക് അകത്തു നിന്നുള്ള പ്രത്യാഘാതം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നാണ് ബിജെപി ദേശീയ നേതൃത്വം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സിന് ഒരുക്കമല്ലെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.

രണ്ട് യുവതികള്‍ മലകയറിയതിന് പിന്നാലെയും തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുമാണ് സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങളുണ്ടായത്. ബിജെപി ഹര്‍ത്താലിനെ പിന്തുണച്ചിരുന്നു. നൂറ് കെഎസ്ആര്‍ടിസി ബസ്സുകളാണ് ഹര്‍ത്താലിനിടെ തകര്‍ക്കപ്പെട്ടത്.

223 അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഹര്‍ത്താലിനിടെ തുടങ്ങിയ അക്രമ സംഭവങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കണ്ണൂരും അടൂരും അടക്കമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

Exit mobile version