ഹര്‍ത്താല്‍ ദിനത്തിലെ അക്രമം; അറസ്റ്റ് 3000 കടന്നു! ജാമ്യമില്ലാ വകുപ്പില്‍ അകത്ത് കിടക്കുന്നത് 487 പേര്‍; ജാമ്യം എടുത്ത് പോയവര്‍ ഇനിയൊരു കേസില്‍ അകപ്പെട്ടാല്‍ നടപടി കണ്ണുംപൂട്ടി!

അറസ്റ്റിലായവരില്‍ 2191 പേര്‍ക്ക് വിവിധ കേസുകളില്‍ ജാമ്യം ലഭിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് ചെയ്തു കൂട്ടിയത്. നിയന്ത്രിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് അക്രമങ്ങള്‍ അഴിച്ച് വിട്ടത്. ഇതിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

ഇതുവരെ 3178 പേരാണ് അറസ്റ്റിലായത്. ഇതില്‍ 487 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 2191 പേര്‍ക്ക് വിവിധ കേസുകളില്‍ ജാമ്യം ലഭിച്ചു. വിട്ടയച്ചവരെയടക്കം അറസ്റ്റിലായവരുടെയെല്ലാം പേര് വിവരങ്ങളടങ്ങിയ കൃത്യമായ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതിന്റെ വിശദാംശങ്ങള്‍ നല്‍കി. ജാമ്യം എടുത്ത് ഇറങ്ങിയവര്‍ വീണ്ടും അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടാല്‍ കണ്ണുംപൂട്ടി കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. കണ്ണൂരിലും അടൂരിലും ഇപ്പോഴും പോലീസിന്റെ നടപടികള്‍ തുടരുകയാണ്. ഇന്ന് വൈകീട്ടോടെ തന്നെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.

Exit mobile version