തുമ്പികൈകൊണ്ട് അടിച്ച് നിലത്തിട്ടു, കാലില്‍ ചവിട്ടി, കാട്ടാനയുടെ ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങള്‍ക്ക് പരിക്ക്, ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ റൈഡേഴ്സ് ക്ലബ് അംഗങ്ങളായ രണ്ട് പേര്‍ക്ക് പരിക്ക്. അതിരപ്പള്ളി ആനക്കയത്താണ് സംഭവം. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് ആറോടെ ആനക്കയത്ത് വച്ചായിരുന്നു സംഭവം. റൈഡേഴ്സ് ക്ലബായ യാത്രികന്‍ കൂട്ടായ്മയിലെ അംഗങ്ങളാണ് ഇരുവരും.കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊള്ളാച്ചി, മലക്കപ്പാറ വഴി തൃശൂരിലേക്ക് എത്തുന്ന തരത്തിലായിരുന്നു യാത്ര സംഘടിപ്പിച്ചത്.

also read: ഒന്നരവര്‍ഷം മുമ്പ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, പിന്നാലെ സിദ്ധനായി ആള്‍മാറാട്ടം നടത്തി ജീവിച്ചു, ഒടുവില്‍ കൊലയാളിയെ കുടുക്കിയത് ഗൂഗിള്‍ പേ

10 ബൈക്കുകളിലും ഒരു കാറിലുമായി 21 അംഗ സംഘമാണ് യാത്രയിലുണ്ടായിരുന്നത്. ആനക്കയത്ത് വച്ചാണ് ഇവര്‍ക്ക് നേരെ കാട്ടാന ആക്രമണമുണ്ടായത്. ആനക്കയത്ത് വച്ച് രോഹിതും സോനയും സഞ്ചരിച്ച ബൈക്കിന് മുന്നിലെത്തിയ കാട്ടാന തുമ്പികൈകൊണ്ട് സോനയെ അടിച്ചു.

also read: ആറായിരം കിലോ തൂക്കം, അദാനി ഗ്രൂപ്പിന്റെ ഇരുമ്പുപാലം കഷ്ണങ്ങളാക്കി അടിച്ചുമാറ്റി മുങ്ങി കള്ളന്മാര്‍

അടിയുടെ ആഘാതത്തില്‍ സോന റോഡിലേക്ക് തെറിച്ച് വീണതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. ബൈക്കിനടിയില്‍പെട്ട രോഹിതിന്റെ കാലില്‍ ആന ചവിട്ടുകയും തുമ്പികൈ കൊണ്ട് നിലത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെക്കുകയായിരുന്നു.

ഇതോടെ ആന കാട്ടിലേക്ക് പോയി. അതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഉടന്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരുക്കേറ്റ രോഹിതനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Exit mobile version