അതിതീവ്രമഴ: എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. അഞ്ച് ദിവസം അതിശക്തമായ മഴ പ്രവചിച്ചതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎംല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലെര്‍ട്ടുള്ളത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Exit mobile version