ട്രെയിനിംഗ് കിട്ടിയ ‘പാമ്പ്’: വൈറലായി ശംഖുവരയന്റെ റെസ്‌ക്യൂ

ബേക്കല്‍: ശാസ്ത്രീയ രീതിയില്‍ വിഷ പാമ്പിനെ പിടിച്ച് കൈയ്യടി നേടി യുവാവ്.
ശാന്തതയോടെ ശംഖുവരനെ അനായാസം പിടികൂടുന്നതാണ് വീഡിയോയില്‍.
കിണറിന് അകത്തു നിന്നുള്ള പാമ്പിന്റെ വരവും ബാഗിലേക്കുള്ള കയറ്റവും കണ്ട് നല്ല പരിശീലനം ലഭിച്ച പാമ്പിനെയാണ് പിടികൂടുന്നതെന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.

വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനും പാമ്പ് പിടിക്കാന്‍ പരിശീലനം നല്‍കുന്നയാളുമായ സന്തോഷാണ് വൈറല്‍ വീഡിയോയിലുള്ളത്. 22 വര്‍ഷത്തോളമായി പാമ്പുകളെ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ സജീവമാണ് സന്തോഷ്.

2013 വരെ താനും കൈകള്‍ കൊണ്ട് തന്നെയായിരുന്നു പാമ്പുകളെ പിടികൂടിയിരുന്നത്. എന്നാല്‍ നാല് വര്‍ഷത്തോളമായി ഹുക്കും ബാഗും ഉപയോഗിച്ച് ശാസ്ത്രീയ രീതിയില്‍ മാത്രമേ പാമ്പുകളെ റസ്‌ക്യൂ ചെയ്യാറുള്ളൂ എന്നും സന്തോഷ് പറഞ്ഞു.

പാമ്പിന്റെ നീക്കത്തിന് അനുസരിച്ച് ബാഗും ഹുക്കും ക്രമീകരിച്ചാല്‍ ആക്രമിക്കാനോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ നില്‍ക്കാതെ പാമ്പ് ബാഗില്‍ കയറുമെന്നാണ് ഇതുവരെയുള്ള അനുഭവമെന്ന് സന്തോഷ് പറയുന്നു.

പാമ്പിന്റെ സ്വഭാവം മനസ്സിലാക്കിയാല്‍ ആര്‍ക്കും പാമ്പിനെ റെസ്‌ക്യൂ ചെയ്യാമെന്നും സന്തോഷ് പറയുന്നു. പാമ്പിന് മുന്നില്‍ നിന്ന് ഇളകാതെ ശാന്തമായ രീതിയില്‍ കൈകാര്യം ചെയ്താല്‍ എത്ര വിഷമുള്ള പാമ്പ് പോലും ആക്രമിക്കാന്‍ ശ്രമിക്കില്ല. പലരും പാമ്പിന് മുന്നില്‍ വെപ്രാളം കാണിക്കുന്നതാണ് പാമ്പിനെ പ്രകോപിപ്പിക്കുന്നതും പാമ്പ് ആക്രമിക്കാനും കൊത്താനും ശ്രമിക്കുന്നതിനും കാരണമാകുന്നതെന്നും സന്തോഷ് പറയുന്നു. നിലവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പാമ്പ് പിടുത്തത്തില്‍ പരിശീലനം നല്‍കുന്നുണ്ട് സന്തോഷ്.

Exit mobile version