‘സാറിന്റെ കാലില്‍ തൊട്ട് മാപ്പ് പറയുന്നു’: ടിഎസ് രാജുവിനോട് ക്ഷമ ചോദിച്ച് അജു വര്‍ഗീസ്

കൊച്ചി: നടന്‍ ടിഎസ് രാജുവിന് ആദരാജ്ഞലികള്‍ നേര്‍ന്നതില്‍ ക്ഷമ ചോദിച്ച് നടന്‍
അജു വര്‍ഗീസ്. ഇന്ന് രാവിലെയാണ് ടിഎസ് രാജു അന്തരിച്ചെന്ന് സോഷ്യലിടത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നാലെ നടന്‍ കിഷോര്‍ സത്യയും പിന്നീട് ടിഎസ് രാജു തന്നെയും താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നെന്നും വ്യക്തമാക്കിയിരുന്നു.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത വിശ്വസിച്ച് നടന്‍ അജു വര്‍ഗീസും ആദരാജ്ഞലികള്‍ നേര്‍ന്നിരുന്നു. പിന്നീട് വ്യാജവാര്‍ത്തയാണെന്ന് മനസ്സിലായതോടെ അജു പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ശേഷം അജു തന്നെ ക്ഷമ ചോദിച്ച് പോസ്റ്റിട്ടിരുന്നു.

സാറിന്റെ കാലില്‍ തൊട്ട് മാപ്പ് പറയുന്നെന്ന് അജു വര്‍ഗീസ് ടിഎസ് രാജുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞു. സാറിനെ ഒരുപാട് ഇഷ്ടമാണ്, സാറിന് ഒന്നും സംഭവിക്കാത്തതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും അജു പറഞ്ഞു.

‘ടി.എസ് രാജു മരിച്ചു’ എന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തത് വലിയ തെറ്റാണെന്ന് അജു ടി.എസ്.രാജുവിനോട് പറഞ്ഞു. ദി ഷൊ മസ്റ്റ് ഗൊ ഓണ്‍’ എന്ന ടി.എസ്.രാജുവിന്റെ സിനിമാ ഡയലോഗ് മനസില്‍ തങ്ങി നിറഞ്ഞിരുന്നു. അത് പറഞ്ഞ നടന്‍ മരിച്ചെന്ന് അറിഞ്ഞപ്പോള്‍ ഉള്ളില്‍ തട്ടിയാണ് പോസ്റ്റ് ഷെയര്‍ ചെയ്തു പോയതെന്നും അജു പറഞ്ഞു.

അതേസമയം, അജുവിനോട് പിണക്കമില്ലെന്നും തന്നോട് ക്ഷമ ചോദിക്കണ്ടെന്നും ടി.എസ് രാജു അജുവിനെ ആശ്വസിപ്പിച്ചു. തനിക്ക് യാതൊരു വിഷമവുമില്ല. എന്തോ തെറ്റിദ്ധാരണയുടെ പേരില്‍ പറ്റിയതാവും. നമ്മള്‍ തമ്മില്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നും രാജു പറഞ്ഞു.

ഞാന്‍ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണ്. ഇനിയും പത്ത്, നാല്പത് വര്‍ഷം ജീവിക്കും. കൊച്ചുമകളുടെ കല്ല്യാണവും കണ്ടിട്ടേ പോകൂ. ഇന്ന് ഷൂട്ടിന് പോകാന്‍ ഇരുന്നതായിരുന്നു, മഴ കാരണം ഷൂട്ട് മാറ്റിവച്ചതാണെന്നും രാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Exit mobile version