അപകടകരമായ അഭ്യാസം, ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രം; ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: നിയമലംഘനം റോഡിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്. ഇത്തരം ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് പോലീസ് പറഞ്ഞു.

നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു പിടിക്കുന്ന അപകടകരമായ അഭ്യാസമാണ് കാണിക്കുന്നതെന്നും പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

also read: ഉള്ളില്‍ നിന്ന് കളിച്ചതാരാണ് എന്ന് എന്നെ കുത്തിക്കൊല്ലും മുന്‍പ് കണ്ടെത്തൂ: രഹസ്യമായി അയച്ച രാജിക്കത്ത് ചോര്‍ന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ നിന്ന്; രാമസിംഹന്‍

അതേസമയം, ഹെല്‍മറ്റ് കൃത്യമായി ധരിക്കാത്തവര്‍ക്കും മോട്ടോര്‍വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയില്‍ ഹെല്‍മെറ്റ് എടുത്ത് തിരിച്ചു വച്ച് യാത്ര ചെയ്യുന്നവരും തലക്കേല്‍ക്കുന്ന ആഘാതം ചെറുക്കുന്ന ഇ പി എസ് ഫോം ഇല്ലാത്ത ചിരട്ട പോലത്തെ ഹെല്‍മറ്റുകളും മറ്റും ധരിക്കുന്നവര്‍ സ്വയം വഞ്ചന ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ തീര്‍ത്തും തെറ്റായ സന്ദേശ വാഹകര്‍ കൂടിയാണെന്ന് എംവിഡി പറഞ്ഞു.

കേരള പൊലീസ് കുറിപ്പ്:

നിരത്തുകളിലെ ക്യാമറയില്‍ പെടാതിരിക്കാന്‍ ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്നു നമ്പര്‍ പ്ലേറ്റുകള്‍ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അപകടകരമായ അഭ്യാസമാണ് നിങ്ങള്‍ കാണിക്കുന്നത്.

പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓര്‍മിപ്പിക്കുന്നു.

എംവിഡി കുറിപ്പ്:

അറിവില്ലായ്മയുടെ കിരീടങ്ങള്‍. Ignorance, the root and stem of all evil. ‘Plato’. അജ്ഞത നിഷേധാത്മകമായ പ്രവര്‍ത്തികളിലേക്കും പ്രത്യാഘാതങ്ങളിലേക്കും നയിച്ചേക്കാം, അത് തനിക്കും സമൂഹത്തിനും എതിരായ കുറ്റകൃത്യമായി കണക്കാക്കണം.

ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയില്‍ ഹെല്‍മെറ്റ് എടുത്ത് തിരിച്ചു വച്ച് യാത്ര ചെയ്യുന്നവരും തലക്കേല്‍ക്കുന്ന ആഘാതം ചെറുക്കുന്ന ഇ പി എസ് ഫോം ഇല്ലാത്ത ചിരട്ട പോലത്തെ ഹെല്‍മറ്റുകളും മറ്റും ധരിക്കുന്നവര്‍ സ്വയം വഞ്ചന ചെയ്യുക മാത്രമല്ല സമൂഹത്തിന്റെ തീര്‍ത്തും തെറ്റായ സന്ദേശ വാഹകര്‍ കൂടിയാണ്.

ഇങ്ങനെ ചെയ്യുന്ന രക്ഷിതാക്കള്‍ സ്വന്തം മക്കള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്?. താടി ഭാഗങ്ങള്‍ അടക്കം പൂര്‍ണ്ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണ്ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കുക മാത്രമല്ല ഒരു വിരല്‍ കടക്കാവുന്ന ഗ്യാപ്പില്‍ ചിന്‍സ് സ്ട്രാപ്പ് മുറുക്കി ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മാത്രമേ അത് യാത്രകളില്‍ തലയ്ക്ക് സംരക്ഷണം നല്‍കൂ.

Exit mobile version