അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു; പ്രദർശന വസ്തുവല്ലെന്ന് സംവിധായകൻ

കൊച്ചി: മലയാള സിനിമാ സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അലി അക്ബർ രാമസിംഹൻ ബിജെപി വിട്ടു. സംസ്ഥാന ബിജെപി അധ്യക്ഷന് ഇമെയിൽ വഴിയാണ് അലി അക്ബർ രാജിക്കത്ത് കൈമാറിയത്.

ബിജെപി കലാകാരൻമാർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അലി അക്ബർ പറഞ്ഞു. തെരഞ്ഞെടുപ്പുകളിലെ പ്രദർശന വസ്തു അല്ല കലാകാരൻമാരെന്നും കലാകാരൻമാരാണ് ലോകത്തെ മുന്നോട്ട് നയിച്ചതെന്ന ബോധം ഉണ്ടാകണമെന്നും അലി അക്ബർ വ്യക്തമാക്കി.

കൂടാതെ, ബിജെപി ദേശീയ നേതൃത്വത്തിന് കേരളത്തിലെ പ്രശ്നങ്ങൾ അറിയാമെന്നും അലി അക്ബർ പറയുന്നു. അതേസമയം, ബിജെപിയിൽ ചേർന്നതിന് പിന്നാലെ 2022 ജനുവരിയിൽ ഇസ്ലാം മതം വിട്ട് അലി അക്ബർ ഹൈന്ദവ മതം സ്വീകരിച്ചിരുന്നു.

ജനറൽ ബിപിൻ റാവത്തിന്റെ മരണവാർത്തയ്ക്ക് താഴെ ആളുകൾ ചിരിക്കുന്ന ഇമോജി ഇട്ടതിനെ തുടർന്നാണ് താൻ മതം മാറുന്നതെന്നാണ് രാമസിംഹൻ അറിയിച്ചിരുന്നത്. തുടർന്നാണ് രാമസിംഹൻ എന്ന പേര് സ്വീകരിച്ചത്. ഒടുവിലായി പുഴ മുതൽ പഴ വരെ സിനിമ ജനകീയ കൂട്ടായ്മയിലൂടെ രാമസിംഹൻ ഒരുക്കിയിരുന്നു.

അലി അക്ബറിന്റെ കുറിപ്പ്:
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക.അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി.. ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി. അത്രേയുള്ളൂ…കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ… സസ്നേഹം രാമസിംഹൻ. ഹരി ഓം.

Exit mobile version