കാർ ഇടിച്ച് പരിക്കേറ്റ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഷിത മരണത്തിന് കീഴടങ്ങി; കണ്ണീരിലും അവയവദാനത്തിന് ഒരുങ്ങി കുടുംബം

മലപ്പുറം: വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരി സിഎസ്അഷിത (49)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നടന്നുപോവുകയായിരുന്നു അഷിതയെയും സഹപ്രവർത്തക അപർണയെയും എതിരെ വന്ന കാർ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അഷിത ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അഷിതയുടെ വിയോഗത്തിന്റെ നോവിലും മസ്തിഷ്‌ക മരണം സംഭവിച്ച അഷിതയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വളയന്നൂർ കുററിക്കടവിലുള്ള വീട്ടുവളപ്പിൽ നടക്കും.

സി.പി.എം ചെറുപ്പ ലോക്കൽ കമ്മിറ്റി അംഗവും കോഴിക്കോട് ഗവ. എംപ്ലോയീസ് ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയുമായ മാവൂർ വളയന്നൂർ കുറ്റിക്കടവിലെ നടുക്കണ്ടി പൂപ്പറമ്പത്ത് മനോജ് ആണ് അഷിതയുടെ ഭർത്താവ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് ബിഎ വിദ്യാർത്ഥിയായ മെവിൻ, കൊണ്ടോട്ടി ഗ്ലോബൽ ക്ലിനിക്ക് ഫിസിയോ തെറാപ്പിസ്റ്റ് ആഗ്ന എന്നിവരാണ് മക്കൾ.

കൊളത്തറ ചെരാൽ ശ്രീനിവാസന്റെയും (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, മാനേജിങ് പാർട്ണർ ടെഫ് ലോൺ പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്, കൊളത്തറ, സിപിഎം. കൊളത്തറചുങ്കം ബ്രാഞ്ച് മെമ്പർ) സിഎസ് വാസന്തി (റിട്ട. ജില്ലാ ട്രഷറി ഓഫീസർ )യുടെയും മകളാണ് അഷിത. സഹോദരൻ: അഖിലേഷ് (ചെയർമാൻ,ഒഡീസിയ )

ALSO READ- മുൻമേയറുടെ ഷൂ കടിച്ചു കൊണ്ടുപോയി; ഉണർന്ന് പ്രവർത്തിച്ച നഗരസഭ നാല് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു

ചൊവ്വാഴ്ച രാവിലെ തന്നെ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ സ്‌കൂളുകളിൽ പരിശോധനയ്ക്കായി ഇറങ്ങിയതായിരുന്നു അഷിതയും അപർണയും. വാഴക്കാട് ഗവ. സ്‌കൂളിലെ പരിശോധന കഴിഞ്ഞ് തൊട്ടടുത്ത ഐഎച്ച്ആർഡി സ്‌കൂളിലേക്ക് കാൽനടയായി പോവുന്നതിനിടെയാണ് കാർ വന്നിടിച്ചത്.

പരിക്കേറ്റ ഇരുവരെയും നാട്ടുകാർ വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അഷിതയെ ഉടൻ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയ അഷിത മരണത്തിന് കീഴടങ്ങുകയായിരുന്നു.

Exit mobile version