ഓടുന്ന ട്രെയിനിലും ഇനി ഫോട്ടോയെടുക്കാം: ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതിയുമായി റെയില്‍വേ

പാലക്കാട്: ഫോട്ടോഷൂട്ടുകള്‍ക്ക് അനുമതി നല്‍കി റെയില്‍വേ. പാലക്കാട് റെയില്‍വേ ഡിവിഷനാണ് ഫോട്ടോഷൂട്ടുകള്‍ നടത്താന്‍ തയ്യാറായിരിക്കുന്നത്. ഇതോടെ ഇനി അധികൃതരുടെ കണ്ണുവെട്ടിച്ച് ട്രെയിനിലും റെയില്‍വേ പ്ലാറ്റ്‌ഫോമിലും ഫോട്ടോ ഷൂട്ട് നടത്തേണ്ട ആവശ്യമില്ല. സേവ് ദ ഡേറ്റ് മുതല്‍ എല്ലാ ഷൂട്ടിനുമാണ് അനുമതി.

വിവാഹ സംബന്ധിയായ ഫോട്ടോ ഷൂട്ടുകള്‍ക്കും മറ്റ് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ക്കും ദിവസം 5000 രൂപയാണ് ഫീസ് ഈടാക്കുക. വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂട്ടിന് 2500 രൂപയും വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയുമാണ് ഈടാക്കുക. ഓടുന്ന ട്രെയിനിലും സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനും ഇത്തരത്തില്‍ ഫോട്ടോ ഷൂട്ടിനായി ലഭ്യമാകും.
ട്രെയിന്‍ അടക്കമുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് 1500 രൂപയാണ് ഫീസ്, ഇവിടെയും സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ ലക്ഷ്യം അക്കാദമിക് ആണെങ്കില്‍ ഫീസ് 750 രൂപയാണ്. വ്യക്തിഗത സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് 1000 രൂപയാണ് ഫീസ്.

ഫോട്ടോ ഷൂട്ടിനുള്ള അപേക്ഷകള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഏഴ് ദിവസം മുന്‍പ് അപേക്ഷ നല്‍കണം. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷന്റിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളില്‍ ഫോട്ടോ ഷൂട്ട് അനുവദിക്കില്ല. എന്നാല്‍ റെയില്‍വേ വര്‍ക്ക്‌ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാര്‍ഡ്, ഗുഡ്‌സ് യാര്‍ഡ് എന്നിവിടങ്ങളില്‍ ഫോട്ടോഗ്രാഫിക്ക് അനുമതിയില്ല.

Read Also: സമ്പൂര്‍ണ അസംബന്ധം! ഒരിക്കലും ഒരു നവജാത ശിശുവിനോട് ചെയ്യാന്‍ പാടില്ലാത്ത ‘പീഡനം!’ വൈറല്‍ വീഡിയോയ്‌ക്കെതിരെ ഡോക്ടര്‍

ട്രെയിനിന് മുകളില്‍ കയറി നിന്നോ ഫുട്‌ബോര്‍ഡിലോ കയറി നിന്നുള്ള ഫോട്ടോഷൂട്ടിനും അനുമതിയുണ്ടാവില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ഫോട്ടോ ഷൂട്ടിനെത്തുന്നവര്‍ പാലിക്കണം. ഫോട്ടോഷൂട്ടിന് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉണ്ടാവുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

Exit mobile version