മൂന്നു വർഷ ബിരുദകോഴ്‌സുകൾ ഇക്കൊല്ലം കൂടി മാത്രം; അടുത്തവർഷം മുതൽ മാറ്റങ്ങൾ: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം:സംസ്ഥാനത്തെ ബിരുദ കോഴ്‌സുകൾക്ക് അടിമുടി മാറ്റം. മൂന്നു വർഷ ബിരുദകോഴ്‌സുകൾ സംസ്ഥാനത്ത് ഇക്കൊല്ലം കൂടി മാത്രമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. അടുത്തവർഷം മുതൽ നാലുവർഷ കോഴ്‌സുകൾ മാത്രമായിരിക്കും ഉണ്ടാകുക. നാലാം വർഷത്തെ പഠനം തുടരണോയെന്നതിൽ വിദ്യാർഥികൾക്കു തീരുമാനിക്കാനകും. ഈ രീതിയിലാണ് കോഴ്‌സ് ക്രമീകരിക്കുന്നതെന്നു മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

നാലു വർഷ ബിരുദ കോഴ്‌സിൻറെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. മൂന്നു വർഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. നാലാം വർഷ ബിരുദം കഴിയുന്നവർക്ക് ഓണേഴ്‌സ് ബിരുദവും നൽകും.

അതേസമയം, പരീക്ഷണാടിസ്ഥാനത്തിൽ നാലു വർഷ ബിരുദ കോഴ്‌സുകൾ ഇക്കൊല്ലം തന്നെ സർവകലാശാലകൾക്ക് ആരംഭിക്കാവുന്നതാണ്. നേരത്തെ, നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും കൗൺസിലും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതിനെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിസിമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

പരിഷ്‌കാരങ്ങൾ വേഗം നടപ്പാക്കണമെന്ന കൗൺസിലിന്റെ തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നാലുവർഷ ബിരുദകോഴ്‌സുകൾ എന്നതിലേക്ക് മന്ത്രിയും എത്തിച്ചേരുകയായിരുന്നു.

Exit mobile version