പാലക്കാട്ടെ പാക് മരുമകള്‍ ഇനി ഇന്ത്യക്കാരി; കാത്തിരിപ്പിനൊടുവില്‍ മറിയത്തിന് ഇന്ത്യന്‍ പൗരത്വം

പാലക്കാട്: ലാഹോര്‍ സ്വദേശിനി മറിയം യൂസഫ് ഇനി ഇന്ത്യക്കാരി. പാലക്കാട്ടുകാരനെ പ്രണയിച്ച് വിവാഹം ചെയ്ത പാകിസ്താന്‍ സ്വദേശിനി മറിയം യൂസഫിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. പാലക്കാട് ഡയറാ സ്ട്രീറ്റ് സ്വദേശി ഇംദാദ് ഷാമിലിന്റെ ഭാര്യയാണ് മറിയം യൂസഫ്.

പൗരത്വ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്റ്റര്‍ ഡി ബാലമുരളിയില്‍ നിന്നു ബന്ധുക്കളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മറിയം യൂസഫ് ഏറ്റുവാങ്ങി.

2008 ലാണ് പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ മറിയം യൂസഫ് പാലക്കാട് ഡയറാ സ്ട്രീറ്റ് സ്വദേശി ഇംദാദ് ഷാമിലിനെ വിവാഹം ചെയ്തത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു.

ഇന്ത്യന്‍ പൗരനല്ലാത്ത ഒരു വ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിക്കണമെന്നാണ് നിയമം. ഇതിനെ തുടര്‍ന്ന് 2017ല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിനായി ജില്ലാ ഭരണകൂടം വഴി അപേക്ഷ നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്റ്റര്‍ കൈമാറിയത്.

Exit mobile version