ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് ആന്ധ്ര ലോറി; വിവരമറിഞ്ഞ് ഉടമ ജീവനൊടുക്കി; ഏറ്റെടുക്കാനാളില്ലാതെ 408 ദിനങ്ങൾ; ഒടുവിൽ നാട്ടുകാരുടെ ബിരിയാണി ചലഞ്ചിലൂടെ മാറ്റി

കൊല്ലം: ആന്ധാപ്രദേശിൽ നിന്നുമെത്തി സാധനം ഇറക്കി തിരിച്ചുപോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച ലോറിക്ക് ഒടുവിൽ ‘ശാപമോക്ഷം’. ആരാരും ഏറ്റെടുക്കാനില്ലാതെ 408 ദിനങ്ങൾ റോഡരികിൽ കിടന്ന ലോറി ഒടുവിൽ നാട്ടുകാർ പണം സമാഹരിച്ചാണ് വഴിമാറ്റിയിരിക്കുന്നത്.

എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കലയനാട് താമപ്പള്ളി ജംക്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത് 2022 ഏപ്രിൽ 16നാണ് ലോറി ഇടിച്ചു കയറിയത്.

ആന്ധ്രയിലേക്ക് പോകവെയായിരുന്നു അപകടം നടന്നത്. ഈ വിവരം അറിഞ്ഞ് ലോറി ഉടമ ഒരാഴ്ച പിന്നിടും മുൻപെ ആന്ധ്രയിൽ ജീവനൊടുക്കിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പിന്നീട് ഏറ്റെടുക്കാൻ ആളില്ലാതെ ലോറി റോഡരികിൽ തന്നെ കിടക്കുകയായിരുന്നു.

സമീപത്തെ ട്രാൻസ്‌ഫോമർ അറ്റകുറ്റപ്പണി നടത്തേണ്ടതിനാൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സമാഹരിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും അൽപം അകലേക്കു ലോറി മാറ്റിയിട്ടിരുന്നു. അപകടം നടന്ന് ഒരു വർഷം തികഞ്ഞ ദിവസം ഏപ്രിൽ 16ന് ഇവിടെ നാട്ടുകാർ ഉപവാസവും നടത്തിയിരുന്നു. എന്നിട്ടും അധികൃതർക്ക് ചെറുവിരൽ അനക്കാനായില്ല.
ALSO READ- ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപിച്ചും പുഷ്-അപ് ചെയ്തും സാഹസിക യാത്ര: യുവാവിനെതിരെ കേസ്, കാറുടമയ്ക്ക് പിഴയും

ലോറി മാറ്റാനിയ ഫണ്ട് അനുവദിക്കുന്നതിന് കലക്ടറെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ഒന്നും നടന്നില്ല. തുടർന്നാണ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ജനകീയ കൂട്ടായ്മ ഭാരവാഹികളായ ബാബു കുരുവേലിൽ, സദാശിവൻ താമരപ്പള്ളി, തുളസി, നാരായണൻ കാട്ടാമ്പള്ളി, ഷിജി രഘു പൊതു പ്രവർത്തകരായ എസ് രാജേന്ദ്രൻ നായർ, അനൂപ് പ്ലാച്ചേരി, ജേക്കബ് എന്നിവർ നടത്തിയ ഇടപെടലില് മാട്ടിൽ ബിരിയാണി ചലഞ്ച് നടത്തിയത്.


ഇതിലൂടെ പണം സമാഹരിച്ച് ലോറി പുനലൂർ പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റിയിട്ടുണ്ട് .ദേശീയപാതയിൽ പ്ലാച്ചേരിക്കും കലയനാടിനും മധ്യേയുള്ള എല്ലാ വളവുകളിലും അപകടം പെരുകി വരികയായിരുന്നു. ഇവിടെ റോഡിന്റെ വശത്ത് ലോറി കിടക്കുന്നതും ഗതാഗതത്തിന് വലിയ ഭീതി പടർത്തിയിരുന്നു.

Exit mobile version