കാത് കുത്തിയ ശേഷം അലര്‍ജി: ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങും വഴി അസ്വസ്ഥത; വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവ് മൂലം രോഗി മരിച്ചതായി ആരോപണം. ആറ്റിങ്ങല്‍, പൊയ്കമുക്ക് സ്വദേശി മീനാക്ഷിയാണ് ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.

പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു മീനാക്ഷി. കാത് കുത്തിയത് മൂലമുണ്ടായ അലര്‍ജി കാരണം ഈ മാസം 17ന് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോകും വഴി അസ്വസ്ഥത ഉണ്ടാകുകയും വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പിന്നാലെ മരണവും സംഭവിച്ചു.

മീനാക്ഷിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് പിതാവ് ലാലു ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കി. ആറ്റിങ്ങല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. മതിയായ ചികിത്സ നല്‍കിയെന്ന് മെഡി.കോളജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗപ്രതിരോധ സംവിധാനം ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന അസുഖം കുട്ടിക്ക് ഉണ്ടായിരുന്നെന്ന് ആശുപത്രി വിശദീകരിച്ചു.

Exit mobile version