ശബരിമലയില്‍ യുവതി കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞവര്‍ എവിടെപ്പോയി; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഏതെങ്കിലും യുവതി കയറിയാല്‍ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവര്‍ എവിടെപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി ഇറക്കിയതല്ല. ഭക്തരുടെ വഴിയിലൂടെയാണ് അവര്‍ സന്നിധാനത്ത് എത്തിയത്.

ശബരിമലയിലെത്തിയ യുവതികളെ ഭക്തര്‍ തടഞ്ഞില്ല. മറ്റുഭക്തര്‍ക്കൊപ്പം മല കയറിയാണ് അവര്‍ ദര്‍ശനം നടത്തിയതും പ്രാര്‍ത്ഥിച്ചതും. ഭക്തര്‍ അവര്‍ക്ക് തടസമുണ്ടാക്കിയല്ല. സൗകര്യം ചെയ്തു തന്നു എന്നാണ് അവര്‍ പറഞ്ഞത്. യുവതികളെത്തിയത് മഹാപരാധമായി ഭക്തര്‍ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിളിമാനൂര്‍ കൊടുവഴന്നൂരില്‍ ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,

മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. ഹര്‍ത്താലിലെ അക്രമം സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണ്. അവര്‍ക്ക് ബഹുജനപിന്തുണയില്ല. സഹികെട്ടപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചത് നമ്മള്‍ കണ്ടു. അത്രയേയുള്ളൂ സംഘപരിവാറിന്റെ ശൂരവീരപരാക്രമം, മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ തകര്‍ക്കണമെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നു. ശബരിമലയില്‍ രണ്ടുസ്ത്രീകള്‍ കയറിയതിന് ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീ കയറിയിട്ട് ഹര്‍ത്താല്‍ നടത്താത്തതെന്തെന്നും പിണറായി ചോദിച്ചു. സര്‍ക്കാര്‍ ഓഫീസുകളും പാര്‍ട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികള്‍ തകര്‍ത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശം? നാട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കണം. സംസ്ഥാനത്ത് പ്രശ്‌നമാണെന്ന് വരുത്തിത്തീര്‍ക്കണം. – മുഖ്യമന്ത്രി വിമര്‍ശിച്ചു.

വിശ്വാസമാണ് പ്രധാനമെന്ന് പറഞ്ഞ് കോണ്‍ഗ്രസും യുഡിഎഫും നിലപാടെടുക്കുന്നത് എത്ര പരിഹാസ്യമാണ്. ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പോകുമെന്ന് പറഞ്ഞവര്‍ എന്തുകൊണ്ടാണ് അത് വേണ്ടെന്ന് വച്ചതെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.

Exit mobile version