സുപ്രീംകോടതി വിധി വന്ന് 24 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും നിലനില്‍ക്കുന്നത് 1951 ലെ മദിരാശി നിയമം; മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാസ ശമ്പളം 2500; തിരുവിതാംകൂര്‍ കൊച്ചി ദേവസ്വങ്ങളെ പരിഗണിക്കുന്നവര്‍ മലബാര്‍ ദേവസ്വത്തെ അവഗണിക്കുന്നോ…?

കണ്ണൂര്‍: സുപ്രീംകോടതി ചരിത്രവിധിയായ ശബരിമല യുവതി പ്രവേശനത്തെ ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പില്‍ വരുത്തണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ കാണാതെ പോകുന്ന ഒന്നുണ്ട്. തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായി മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് സേവനവേതന വ്യവസ്ഥ നടപ്പാക്കാക്കണമെന്നുള്ള വിധിയെ അവഗണിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ക്ഷേത്ര ജീവനക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല.

തുച്ഛ ശമ്പളത്തില്‍ ജോലി ചെയ്യുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതമറിഞ്ഞ് കേരള ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേ തുടര്‍ന്നുള്ള ഹൈക്കോടതി വിധിയെ സുപ്രീം കോടതിയും അംഗീകരിച്ചു. 1994 ല്‍ ആണ് ഇങ്ങിനെ ഒരു വിധി പ്രഖ്യാപിച്ചത്. വിധി നടപ്പാക്കാത്തതിനെതിരെ കോടതി അലക്ഷ്യകേസ് നല്‍കിയിട്ടും ഈ വിഷയത്തില്‍ സര്‍ക്കാറുകള്‍ക്ക് മിണ്ടാട്ടമില്ലായിരുന്നു.

ഇന്നും മലബാറിലെ ക്ഷേത്രങ്ങള്‍ 1951 ലെ മദിരാശി നിയമത്തിന്റെ കീഴിലാണ്. കേരളത്തിലെ തിരുവിതാംകൂര്‍, കൊച്ചി ദേവസ്വത്തിലെ നിയമങ്ങള്‍ ഇന്നും മലബാറില്‍ പ്രവര്‍ത്തികമായിട്ടില്ല. കേരള നിയമങ്ങള്‍ മലബാറിലും പിന്‍തുടരുണമെന്ന് കോടതി പരാമര്‍ശം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇതുവരെ കേരളത്തില്‍ ഭരണം നടത്തിയ സര്‍ക്കാറുകള്‍ വിധി നടപ്പാക്കുന്നതിന് പകരം നിരവധി അന്വേഷണ കമ്മീഷനുകളെ വെച്ച് വിധി നീട്ടുകയായിരുന്നു.

ആറ് മാസം കൊണ്ട് സ്‌കീമുണ്ടാക്കി ഒരു വര്‍ഷത്തിനകം വിധി നടപ്പാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇത്തരത്തില്‍ ഇതുവരെയായി ഏഴ് കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ ശമ്പള പരിഷ്‌ക്കരണം അടക്കമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ച് ഒരു വര്‍ഷം പിന്നിട്ടു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പരിഷ്‌ക്കരണ ബില്‍ കൊണ്ടു വരുമെന്ന് വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതല്ലാതെ ഇതുവരേയും നടപ്പായിട്ടില്ല.

തിരുവിതാംകൂറിലും കൊച്ചിയിലും ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പതിനയ്യായിരം രൂപയോളം മാസ ശമ്പളം ലഭിക്കുമ്പോള്‍ മലബാറിലെ ചില ക്ഷേത്രങ്ങളിലെ ജീവനക്കാരന് 2500 രൂപ പോലും ലഭിക്കുന്നില്ല. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ജീവനക്കാരെ പാര്‍ട്ട് ടൈം ഫുള്‍ടൈം എന്നീ പരിഗണന വെച്ച് തരം തിരിക്കുമ്പോള്‍ മലബാറില്‍ അത് ക്ഷേത്രങ്ങളുടെ വരുമാനമനുസരിച്ച് സ്‌പെഷല്‍ ഗ്രേഡ് മുതല്‍ ഡി ഗ്രേഡ് വരെയാണ്. സ്‌പെഷല്‍ ഗ്രേഡ് കാര്‍ക്കും എ ഗ്രേഡ് കാര്‍ക്കും മാത്രമേ മലബാറില്‍ മാന്യമായ ശമ്പളം ലഭിക്കുന്നുള്ളൂ. ഫലത്തില്‍ മലബാറിലെ ക്ഷേത്ര ജീവനക്കാരില്‍ ബിപിഎല്‍ കാരുമുണ്ടെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കുകയാണ്. ഡി ഗ്രേഡ് ക്ഷേത്രങ്ങലിലെ ഒരു ക്ലാര്‍ക്കിനും ശാന്തിക്കും ലഭിക്കുന്ന പ്രതിമാസ ശമ്പളം ശരാശരി 8500 രൂപയില്‍ താഴെയാണ്.

തുല്യ ജോലിക്ക് തുല്യ ശമ്പളമെന്ന മലബാറിലെ ദേവസ്വം ജീവനക്കാരുടെ ആവശ്യത്തിന് ഇനിയും അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. നിരന്തര സമരങ്ങലുമായി ഈ കാലഘട്ടത്തിലും അവര്‍ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ ശത്രു സംഹാരഹോമവും ശയന പ്രദക്ഷിണവും നടത്തുകയുണ്ടായി. എന്നിട്ടും മദിരാശിയിലെ പഴയ നിയമത്തില്‍ തൂങ്ങി നില്‍ക്കുകയാണ് സര്‍ക്കാര്‍. ലക്ഷ്യം നേടും വരെ സമരം തുടരുമെന്ന് ടെമ്ബിള്‍ എംപ്ലോയീസ് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വിവി ശ്രീനിവാസന്‍ പറഞ്ഞു.

Exit mobile version