കാഞ്ഞിരംകുളത്തും നിന്നും കാണാതായ സഹോദരിമാരെ തേടി അലഞ്ഞ് പോലീസ്; മയക്കുമരുന്നു സംഘം തട്ടിക്കൊണ്ടു പോയെന്ന് ചിലർ; ഒടുവിൽ ആശ്വാസവാർത്ത

തിരുവനന്തപുരം: കാഞ്ഞിരംകുളം പോലീസിനെ മുൾമുനയിൽ നിർത്തിയ സഹോദരിമാരായ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായ കേസിൽ ആശ്വാസ വാർത്ത. പെൺകുട്ടികൾ ഇരുവരും സുരക്ഷിതരായി രണ്ടാനച്ഛന്റെ വീട്ടിൽ എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് പോലീസിന് ശ്വാസം നേരെ വീണത്. ഇതോടെ ഉച്ചമുതലുള്ള പോലീസിന്റെ ഓട്ടത്തിന് രാത്രിയോടെ പരിസമാപ്തിയായി.

പതിനാറും, പതിനാലും വയസുള്ള പെൺകുട്ടികളെ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കാഞ്ഞിരംകുളത്തെ ബന്ധുവീട്ടിൽ നിന്ന് കാണാതായത്. ഇതിനിടെ കുട്ടികളെ മയക്കുമരുന്ന് സംഘം കടത്തിക്കൊണ്ടു പോയെന്നും മറ്റുമുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങിയതോടെ പോലീസിനും ശ്വാസംമുട്ടി.

ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സമ്മർദ്ദത്തിലായ പോലീസ് പലവഴിക്ക് തിരിഞ്ഞ് അന്വേഷണം തുടർന്നു. ഇതിനിടയിലാണ് കുട്ടികൾ സുരക്ഷിതരാണെന്ന വിവരം പോലീസിന് ലഭിച്ചത്.

വർഷങ്ങൾക്ക് മുൻപ് ടിപ്പർ ലോറി അപകടത്തിൽ കുട്ടികളുടെ പിതാവ് മരണപ്പെട്ടിരുന്നു. അതിന് ശേഷം മാതാവ് മറ്റൊരു വിവാഹം കഴിക്കുകയും വിദേശത്തേക്ക് ജോലി തേടി പോകുകയും ചെയ്തു. ഇതോടെ കുട്ടികൾ ഒറ്റപ്പെട്ടു.

also read- ഇത് ഉദ്ദേശ്യം വേറെ, മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നവർക്ക് ഒരു കാരണം കൂടി ഉണ്ടാക്കണം, മദ്രസകൾക്കെതിരായ പ്രചരണം ശക്തിപ്പെടുത്തണം; അസ്മിയ കേസിൽ പ്രതികരിച്ച് പികെ ഫിറോസ്

കുട്ടികൾ അമ്മയുടെ അകന്ന ബന്ധുവിന്റെ സംരക്ഷണയിൽ ആയിരുന്നു. പിന്നീട് മുതിർന്ന കുട്ടിയെ സർക്കാരിന്റെ മേൽ നോട്ടത്തിലുള്ള റസ്‌ക്യൂ ഹോമായ കാഞ്ഞിരംകുളത്തെ കളിവീട് സ്ഥാപനത്തിൽ നിർത്തിയിരുന്നു.

എന്നാൽ മാസങ്ങൾക്ക് മുൻപ് കുട്ടി അവിടെ നിന്ന് ചാടിപ്പോയി. ഇതോടെ പോലീസ് മറ്റൊരു സംരക്ഷണ കേന്ദ്രത്തിലാക്കി. ഇവിടെ നിന്ന് കുട്ടി കാഞ്ഞിരംകുളത്തെ ബന്ധു വീട്ടിൽ തിരിച്ചെത്തി താമസിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇളയ കുട്ടിയോടൊപ്പം കാണാതായത്.

ബന്ധുവീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികൾ തലസ്ഥാനത്ത് എത്തി അവിടെ നിന്ന് ബസിൽ പോത്തൻകോടുള്ള രണ്ടാനച്ഛൻറെ വീട്ടിലേക്ക് തിരിച്ചു. രാത്രി എട്ട് മണിയോടെ അവിടെ എത്തിയെന്ന സന്ദേശം ലഭിച്ചതോടെയാണ് പോലീസ് തിരച്ചിൽ അവസാനിപ്പിച്ചത്.

തുടർന്ന് രാത്രിയിൽ തന്നെ കാഞ്ഞിരംകുളം സ്റ്റേഷനിൽ എത്തിച്ച കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഒറ്റപ്പെടലാണ് കുട്ടികളുടെ ഇത്തരം പ്രവൃത്തിക്ക് വഴിതെളിച്ചതെന്നും കുട്ടികളുടെ സംരക്ഷണം രണ്ടാനച്ഛൻ ഏറ്റെടുത്തെന്നും കാഞ്ഞിരംകുളം സിഐ അജിചന്ദ്രൻ നായർ പറഞ്ഞു.

Exit mobile version