ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

കോടതി, സര്‍ക്കാര്‍, എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സസ്... ശബരിമലയില്‍ നിങ്ങള്‍ക്കാര്‍ക്കും യാതൊരു കാര്യവുമില്ല..അവകാശവുമില്ല എന്ന് വ്യക്തമായല്ലോ

തൃശ്ശൂര്‍: ശബരിമലയില്‍ ഇന്ന് രാവിലെ രണ്ട് സ്ത്രീകള്‍ കയറിയതിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു കുമാര്‍ ദാമോദരന്‍.

സുപ്രീംകോടതി വിധിയെ പോലും വെല്ലുവിളിച്ച് ശബരിമലയില്‍ ഏകാധിപത്യ രാജഭരണകാലത്തെ നിലപാടുകളാണ് തന്ത്രിയും രാജകുടുംബവും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. ശബരിമല രാജ്യത്ത് സുപ്രീംകോടതിയും സര്‍ക്കാരും ജനാധിപത്യമൊന്നും ഇല്ല, കാര്യങ്ങള്‍ രാജാവും തന്ത്രിയും ഒക്കെ തീരുമാനിക്കും, കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം, മനസ്സിലായല്ലോ എന്ന് ഡോ. ബിജു പറയുന്നു.

അതേസമയം, യുവതികള്‍ സന്നിധാനത്ത് എത്തിയാല്‍ ശ്രീകോവില്‍ അടച്ചിടണമെന്ന് പന്തളം കൊട്ടാരം തന്ത്രിയെ അറിയിച്ചിരുന്നു. ശുദ്ധികലശം നടത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ആചാരം ലംഘിച്ച് സ്ത്രീകള്‍ കയറിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവരും അറിയിച്ചിരുന്നു.

യുവതികളായ ആന്ധ്രാ സ്വദേശിനി കവിതയും എറണാകുളം സ്വദേശിനി രഹ്നാ ഫാത്തിമയുമാണ് ഇന്ന് സന്നിധാനത്തേക്ക് കനത്ത പോലീസ് സുരക്ഷിയില്‍ എത്തിയത്. എന്നാല്‍ നടപ്പന്തലില്‍ വെച്ച് വിശ്വാസികള്‍ തടഞ്ഞതോടെ വിഷയം സംഘര്‍ഷത്തിലേക്ക് അടുക്കുകയും ഇരുവരും തിരിച്ചിറങ്ങുകയുമായിരുന്നു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ആചാര ലംഘനം ആകുമെന്നതിനാല്‍ അങ്ങനെ വന്നാല്‍ നട അടച്ചു താക്കോല്‍ ഏല്‍പ്പിക്കും എന്ന് തന്ത്രിയും പന്തളം കുടുംബവും..അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായല്ലോ…കോടതി, സര്‍ക്കാര്‍, എല്ലാവരും ഗോ ടു യുവര്‍ ക്ലാസ്സസ്… ശബരിമലയില്‍ നിങ്ങള്‍ക്കാര്‍ക്കും യാതൊരു കാര്യവുമില്ല… അവകാശവുമില്ല എന്ന് വ്യക്തമായല്ലോ… ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും ഒക്കെ തീരുമാനിക്കും…കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…..മനസ്സിലായല്ലോ..

Exit mobile version