അരിക്കൊമ്പന് 110 കി.മീ സഞ്ചരിച്ചാൽ ചിന്നക്കനാലിലെത്താം; നൂറിലധികം കി.മീ താണ്ടി ആനകൾ മടങ്ങി വന്ന ചരിത്രമുണ്ടെന്ന് ഡോ. അരുൺ സഖറിയ

കോഴിക്കോട്: കേരള അതിർത്തിയിലൂടെ സഞ്ചരിക്കുന്ന അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തന്നെ മടങ്ങി എത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. പൂർണമായി ആരോഗ്യം വീണ്ടെടുത്ത അരികൊമ്പൻ പുതിയ താവളത്തിൽ നിന്നും സഞ്ചരിക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം, നൂറിലധികം കിലോമീറ്ററുകൾ താണ്ടി ആനകൾ മടങ്ങി വന്ന ചരിത്രമുണ്ടെന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് നാടുകടത്താൻ മുന്നിൽ നിന്ന ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ പറയുന്നു. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നു പിടികൂടി പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തിരികെ വരുന്നെന്നാണ് സൂചന.

അരിക്കൊമ്പനെ കാടുകടത്താനുള്ള ദൗത്യം പൂർത്തിയാക്കി ഇന്നലെയാണു ഡോ. അരുൺ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് അരികൊമ്പൻ തിരികെ അതിർത്തിയിലേക്ക് വരുന്നെന്ന റിപ്പോർട്ടുകൾ വനംവകുപ്പ് പുറത്തുവിട്ടത്.

അതേസമയം, അരിക്കൊമ്പൻ ഇപ്പോഴുള്ളത് വെള്ളവും ഭക്ഷണവും ധാരാളമുള്ള പരിസ്ഥിതിയിലാണെന്നാണ് ഡോ.അരുൺ പറയുന്നത്. എങ്കിലും ആനകൾ അവരുടെ പഴയ സ്ഥലത്തേക്കു തിരിച്ചെത്തിയ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട് എന്നതിനാൽ അരിക്കൊമ്പന്റെ കാര്യത്തിലും ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ALSO READ- അബുദാബി ബിഗ് ടിക്കറ്റിൽ രണ്ടാം തവണയും പ്രവാസി മലയാളിയെ തുണച്ച് ഭാഗ്യം; ഇത്തവണയും ഒന്നാം സമ്മാനം; സുഹൃത്തുക്കൾക്ക് പങ്കിടുമെന്ന് പ്രദീപ് കുമാർ

ആന നിലവിൽ പുത്തൻ സാഹചര്യവുമായി ആന എങ്ങനെ ഇണങ്ങുന്നു എന്നത് മാത്രമാണ് പ്രധാനം. ആനയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉള്ളിടത്താണ് അരിക്കൊമ്പനെ വിട്ടിരിക്കുന്നത്. മറ്റ് ആനകളും അവിടെ ഒരുപാടുണ്ട്. എന്നുകരുതി ഈ സാഹചര്യവുമായി അരിക്കൊമ്പൻ ഇണങ്ങിച്ചേരുമെന്നു പറയാനാകില്ലെന്നും ഡോക്ടർ പറയുന്നു.

100-120 കിലോമീറ്റർ യാത്ര ചെയ്ത് ആനകൾ തിരികെ വന്ന സംഭവം കർണാടകയിലും മറ്റും ഉണ്ടായിട്ടുണ്ട്. ചെറിയ പരുക്കുകൾ ഉണ്ടെങ്കിലും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും മുറിവുകൾ ഉണങ്ങാനുള്ള മരുന്ന് നൽകിയാണ് ആനയെ കാട്ടിലേക്കു വിട്ടതെന്നും ഡോ.അരുൺ പറഞ്ഞു.

അരിക്കൊമ്പൻ നിലവിൽ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നതായാണു വിവരം. ആനയെ കൊണ്ടുചെന്നാക്കിയ വണ്ണാത്തിപ്പാറയിൽ നിന്നു 112 കിലോമീറ്റർ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാൽ. ആന സഞ്ചരിച്ച് തമിഴ്‌നാട്ടിൽ പ്രവേശിച്ച് ബോഡിമെട്ടിൽ എത്താനും അവിടെനിന്ന് ഇടുക്കിയിലേക്കു കടക്കാനും സാധ്യതയുണ്ട്.

തമിഴ്‌നാട്ടിലെ വനപാലകർ വിരട്ടി ഓടിക്കുകയോ മറ്റോ ചെയ്താൽ തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലിൽ എത്താനും അരിക്കൊമ്പന് സാധിക്കും.

Exit mobile version