കാസര്‍ഗോഡ്-തിരുന്നാവായ വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം: ചില്ല് തകര്‍ന്നു

മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍ഗോഡ്-തിരുന്നാവായ സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. വൈകിട്ട് 5.15 ഓടെയാണ് സംഭവം.

തിരൂരിനും തിരുനാവായക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ട്രെയിന്‍ 25 മിനിറ്റ് വൈകി. C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിന്‍ഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്.

ആക്രമണത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പോലീസിന് വിവരം കൈമാറിയെന്നും റെയില്‍വേ അറിയിച്ചു.

അതേസമയം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. അഞ്ച് പേരില്‍ നിന്നും 1000രൂപ വീതം പിഴ ഈടാക്കി. കൂടാതെ കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആര്‍പിഎഫ് കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 166 ( ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക), റെയില്‍വേസ്ഥലത്ത് അതിക്രമിച്ച് കയറുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Exit mobile version