ഓര്‍ഡര്‍ ചെയ്ത ഓണസദ്യ സമയത്തിന് എത്തിച്ചില്ല: കൊച്ചിയിലെ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം

കൊച്ചി: ഓര്‍ഡര്‍ ചെയ്ത ഓണസദ്യ എത്തിച്ചുകൊടുക്കാതിരുന്ന ഹോട്ടലിന് പിഴ. പരാതിക്കാരിയായ വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്.
അഞ്ച് പേര്‍ക്കുള്ള സ്‌പെഷ്യല്‍ സദ്യ ഓര്‍ഡര്‍ ചെയ്ത് പണവും നല്‍കി കാത്തിരുന്ന് ലഭിക്കാതെ വന്ന വീട്ടമ്മയ്ക്കാണ് അനുകൂല വിധി വന്നത്. സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നല്‍കുന്നതിനോടൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി 5,000 രൂപ നല്‍കാനും ഉപഭോക്തൃ ഫോറം ഉത്തരവിട്ടു.

വൈറ്റില സ്വദേശിനിയായ വീട്ടമ്മ ബിന്ധ്യയ്ക്ക് 40000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കൊച്ചിയിലെ പ്രമുഖ ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈറ്റിലയിലെ മെയ്സ് റെസ്റ്റോറന്റിനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി പിഴ വിധിച്ചത്.

2021ലെ തിരുവോണ നാളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവോണത്തിന് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഓണസദ്യയാണ് പരാതിക്കാരി ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തിരുന്നത്. അഞ്ച് ഊണിന് 1295 രൂപ മുന്‍കൂറായി അടക്കുകയും ചെയ്തു. എന്നാല്‍ അതിഥികളെത്തി ഊണ് സമയം കഴിഞ്ഞിട്ടും ഹോട്ടലില്‍ നിന്ന് പാഴ്സല്‍ എത്തിയില്ല. ഹോട്ടലുടമയെ അടക്കം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

സേവനം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. ഇതോടെ സദ്യയ്ക്കായി ഈടാക്കിയ 1295 രൂപ മടക്കി നല്‍കുന്നതിനോടൊപ്പം നഷ്ടപരിഹാരവും കോടതിച്ചെലവായി 5,000 രൂപയും ഒരു മാസത്തിനുള്ളില്‍ നല്‍കാന്‍ ഫോറം ഉത്തരവിട്ടു. ജില്ലാ ഉപഭോക്തൃ കോടതിയിലെ ഡി ബി ബിനു, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരാണ് റെസ്റ്റോറന്റിനെതിരെ പിഴ ചുമത്തിയത്.

Exit mobile version