തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വഴിപാട് നേര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകന്‍: തിരുവായുധം നല്‍കി നിറവേറ്റി രാജ് മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകനായ ഭക്തന്‍ നേര്‍ന്ന വഴിപാട് നിറവേറ്റി രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. അനുയായികളോടൊപ്പം കളിയാട്ട വേദിയിലെത്തിയാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ തിരുവായുധം നല്‍കി വഴിപാട് നിറവേറ്റി.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിരിക്കുളത്തെ കെ.രാജു വിശ്വകര്‍മനാണ് ഉണ്ണിത്താന് വേണ്ടി വഴിപാട് നേര്‍ന്നത്. കാട്ടിപൊയില്‍ കടയങ്കയ തട്ട് ചെറുപ്പ കോട് തറവാട് വിഷ്ണുമൂര്‍ത്തി ദേവസ്ഥാനത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ പഞ്ചുരുളി തെയ്യത്തിനാണ് തിരുവായുധം നല്‍കി നേര്‍ന്ന പ്രാര്‍ഥന നിറവേറ്റിയത്.

വഴിപാടിനെ കുറിച്ച് രാജ് മോഹന്‍ ഉണ്ണിത്താനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നേരിട്ടെത്തുകയായിരുന്നു. വഴിപാട് നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് രാജു വിശ്വകര്‍മനും കുടുംബവും. വഴിപാട് കഴിപ്പിച്ചതിനു ശേഷം പഞ്ചുരുളിക്കും കല്ലുരുട്ടി അമ്മയ്ക്കും ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങുകയും ചെയ്തു.

കുറച്ചു സമയം ദേവസ്ഥാനത്ത് ചെലവഴിച്ചതിന് ശേഷമാണ് രജ് മോഹന്‍ ഉണ്ണിത്താന്‍ മടങ്ങിയത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കളിയാട്ടം നടന്നിട്ടില്ല.

Exit mobile version