വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ചു; സുബിൻ യാത്രയായത് നാല് പേർക്ക് പുതുജീവൻ പകർന്ന്

കൊച്ചി: ബസിൽ ബൈക്കിടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ചയുവാവ് വിഷുദിനത്തിൽ വിടവാങ്ങിയത് നാല് പേർക്ക് പുതുജീവൻ നൽകി. 38-കാരൻ സുബിൻ ഫ്രാൻസിസിന്റെ അവയവങ്ങളാണ് നാലുപേർക്ക് ദാനം ചെയ്തത്.

പുത്തൻവേലിക്കര തുരുത്തിപ്പുറം ഓളാട്ടുപുറത്ത് ഫ്രാൻസിസ് – മേഴ്‌സി ദമ്പതിമാരുടെ മകനാണ് സുബിൻ. മാള അന്നല്ലൂരിലെ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു.

ഇതിനടെ ജോലിക്ക് പോകുമ്പോഴാണ് വ്യാഴാഴ്ചയുണ്ടായ അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ സുബിനെ പ്രവേശിപ്പിച്ചത്. സുബിന്റെ മസ്തിഷ്‌ക മരണം വെള്ളിയാഴ്ചയോടെ സ്ഥിരീകരിച്ചു. പിന്നാലെ സുബിന്റെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.

കരൾ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള 23 വയസുകാരനാണ് ദാനം ചെയ്തത്. ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 22 വയസ്സുകാരനായ വടകര സ്വദേശിക്ക് നൽകി. ഹൃദയം ലിസി ആശുപത്രിയിലെ രോഗിക്കും രണ്ടാമത്തെ വൃക്കയും പാൻക്രിയാസും അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയിലും മാറ്റിവെയ്ക്കുകയായിരുന്നു.

also read- തുറന്ന മൈതാനത്ത് അവാര്‍ഡ് ദാന ചടങ്ങ്: അമിത് ഷായെത്തിയ പരിപാടിയില്‍ സൂര്യാഘാതമേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം

വിഷുദിനത്തിൽ പുലർച്ചെ മൂന്നോടെയാണ് അവയവങ്ങൾ മാറ്റിവെയ്ക്കുന്നതിനുള്ള ശസ്ത്രക്രിയാ നടപടികൾ ആരംഭിച്ചത്. മൃതസഞ്ജീവനി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഡോ. നോബിൾ ഗ്രേസിയസിന്റെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ.

സുബിൻ വ്യാഴാഴ്ച രാവിലെ ജോലിക്കു പോകുന്നതിനിടെ അഷ്ടമിച്ചിറയ്ക്കു സമീപംവെച്ച് ബസുമായി സുബിന്റെ ബൈക്ക് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങൾ: തോമസ്, അബിൻ ഫ്രാൻസിസ്.

Exit mobile version