വാഹനം ഓടിക്കുമ്പോൾ പൊടി പാറി; തർക്കത്തിൽ ഇടപെട്ടതിന് പക; ഉള്ള്യേരിയിൽ വീട് കയറി തീയിടലും, ആക്രമണവും, അസഭ്യം പറച്ചിലും; ഒടുവിൽ യുവാവ് പിടിയിൽ

കോഴിക്കോട്: തർക്കത്തിൽ ഇടപെട്ടതിന്റെ പകയിൽ ഉള്ള്യേരിയിൽ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. ഉള്ളിയേരി പുതുവയൽകുനി ഫായിസി(25)നെയാണ് മലപ്പുറം അരിക്കോട് ലോഡ്ജിൽ വച്ച് അത്തോളി പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ഉള്ള്യേരിയ്ക്ക് സമീപം തെരുവത്ത് കടവിൽ യൂസഫിന്റെ വീടാണ് ഫായിസ് ആക്രമിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് തീയിടുകയും കസേരകളും മറ്റും കിണറ്റിൽ വലിച്ചെറിയുകയും ചെയ്തു. കൂടാതെ ആ സമയത്ത് വീട്ടിലുണ്ടായിരുന്ന യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തു. സംഭവസമയത്ത് യൂസഫ് വീട്ടിലുണ്ടായിരുന്നില്ല.

പക്ഷെ അക്രമിയെ മാതാവ് തിരിച്ചറിഞ്ഞിരുന്നു. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവറുമായി ഫായിസ് മുൻപ് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാഹനം ഓടിക്കുമ്പോൾ പൊടി പാറി എന്നാരോപിച്ചായിരുന്നു തർക്കം. ഇതിൽ യൂസഫ് ഇടപെട്ടതിൽ പ്രകോപിതനായാണ് ഫായിസ് വീട് കയറി ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഈ സംഭവത്തിന് ശേഷം, ഫായിസ് ഒളിവിൽ പോവുകയായിരുന്നു. അത്തോളി സിഐ പി ജിതേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ ആർ രാജീവ്, കെപി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ രാത്രി 11.30ഓടെ ലോഡ്ജിലെത്തി പിടികൂടിയത്.

also read- എംഎഡിഎം കൈവശം വെച്ചതിന് പിടിയിലായി; 24 കാരൻ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ ജലാശയത്തിൽ മരിച്ചനിലയിൽ

സിവിൽ പോലീസ് ഓഫീസർമാരായ ഒ ഷിബു, കെഎം അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലഹരിയ്ക്ക് അടിമയായ ഫായിസിനെതിരെ നേരത്തെയും പരാതി ലഭിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു.

Exit mobile version