ആശുപത്രി അധികൃതരുടെ അനാസ്ഥ: പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ കോട്ടണ്‍ തുണി മറന്നുവച്ചു, ഡോക്ടര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ കോട്ടണ്‍ തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതായി പരാതി. നെയ്യാറ്റിന്‍കര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ് (24) ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കിരയായത്.

പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ സുജാ അഗസ്റ്റിനെതിരെ യുവതിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിലാണ് യുവതിയുടെ ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയത്. എട്ടുമാസത്തോളം നീണ്ട ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് ഗര്‍ഭപാത്രത്തില്‍ തുണി കുടുങ്ങിയ കാര്യം യുവതിയും കുടുംബവും അറിയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലായ് 26നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാ സമയത്ത് ഉപയോഗിക്കുന്ന തുണി ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേര്‍ക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തിയതോടെ ഇവര്‍ക്ക് സ്ഥിരം ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയായിരുന്നു. രോഗം സ്ഥിരമായതോടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ തന്നെ കാണിച്ചു.

എന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകള്‍ കഴിച്ചാല്‍ ശരിയാകുമെന്നുമായിരുന്നു മറുപടി. പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ഇവിടെ നടത്തിയ സ്‌കാനിങ്ങിലാണ് ഗര്‍ഭ പാത്രത്തില്‍ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തത്.

Exit mobile version