ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്

തിരുവനന്തപുരം: അരുവിക്കരയിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ സീനിയർ സൂപ്രണ്ട് വൈ അലി അക്ബർ വിരമിക്കുന്നതിന് മുൻപത്തെ ദിവം നടത്തിയ കൊലപാതകം ഞെട്ടിക്കുന്നത്. ഇയാൾ ഭാര്യയേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയതിനു പിന്നിൽ സാമ്പത്തിക പ്രശ്‌നമെന്നാണ് പ്രാഥമിക വിവരം.

അഴിക്കോട് വളവെട്ടി പുലിക്കുഴി ആർഷാസിൽ ഷാഹിറ (65), മകൾ നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക മുംതാസ് (47) എന്നിവരെയാണ് മുംതാസിന്റെ ഭർത്താവായ അലി അക്ബർ കൊലപ്പെടുത്തിയത്. ഇരുവരെയും ആക്രമിച്ച ശേഷം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മുംതാസിന്റെ ഭർത്താവ് അലി അക്ബർ (55) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ നില ഗുരുതരമാണ്.

അലി അക്ബർ ബന്ധുക്കൾക്ക് വായ്പയ്ക്കും മറ്റും ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായതായി പോലീസ് പറയുന്നു. തുടർന്ന് വീട് വിറ്റ് പണം നൽകണമെന്ന് അലി അക്ബർ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാൽ, ഭാര്യയും ഭാര്യാമാതാവും ഇക്കാര്യം വിസമ്മതിച്ചു. തുടർന്ന് വഴക്ക് പതിവായിരുന്നു. വീടിന്റെ മുകൾ നിലയിലാണ് അലി അക്ബർ താമസിച്ചിരുന്നത്.

ALSO READ- ഫോൺ വാങ്ങാൻ കൂട്ടാക്കിയില്ല; എട്ടുമാസം ഗർഭിണിയായ ഡോക്ടറെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

റംസാൻ വ്രതത്തിലായിരുന്ന മുംതാസും ഷാഹിറയും രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുൻപ് ആഹാരം പാകം ചെയ്യുന്നതിനായി അടുക്കളയിൽ നിൽക്കുമ്പോഴാണ് അലി അക്ബർ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തി കൃത്യം നടത്തിയത്. മരണം ഉറപ്പിക്കാനായി പെട്രോൾ ഒഴിച്ച് ഇരുവരെയും കത്തിക്കുകയും ചെയ്തു.

ഇതിനുമുൻപായി പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പുറത്താക്കി കതകടച്ചിരുന്നു. ഇവരുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ അലി അക്ബർ കസേരയിൽ ഇരിക്കുകയായിരുന്നു. അയൽക്കാരെ കണ്ടതോടെ ഓടി അകത്തേക്ക് പോയ അലി അക്ബർ, പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു.

ഷാഹിറയുടെ കത്തിക്കരിഞ്ഞ ശരീരം ഹാളിലും മുംതാസിന്റെ ശരീരം അടുക്കളയിലുമാണ് കിടന്നിരുന്നത്. ഷാഹിറ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മുംതാസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണത്തിനു കീഴടങ്ങി.

Exit mobile version