ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു: പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇടവേള ബാബു

കൊച്ചി: കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നത്. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണ് ആശുപത്രി അവസാനം അറിയിച്ചിരിക്കുന്ന വിവരം.

ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) സപ്പോര്‍ട്ടിലാണ് കഴിയുന്നത് ന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

‘നൃത്തശാല’ എന്ന ചിത്രത്തിലൂടെ 1972-ല്‍ ആണ് ഇന്നസെന്റ് വെള്ളിത്തിരയില്‍ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. ‘ഗജകേസരിയോഗം’, ‘റാംജിറാവു സ്പീക്കിംഗ്’, ‘ഡോക്ടര്‍ പശുപതി’, ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’, ‘കാബൂളിവാല’, ‘ദേവാസുരം’, ‘പത്താംനിലയിലെ തീവണ്ടി’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കൈയ്യടി നേടി.

മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാന്‍ സാധിച്ചു. ലോക്‌സഭയിലേക്ക് 2014 ല്‍ ചാലക്കുടിയില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Exit mobile version